Wed. Nov 6th, 2024
ചിറയിൻകീഴ്:

അഞ്ചുതെങ്ങ് കായലിൽ തുരുമ്പെടുത്ത്‌ നശിക്കുന്ന മണ്ണുമാന്തി യന്ത്രം നീക്കം ചെയ്യണം. എട്ട് വർഷം മുമ്പ്‌ മുതലപ്പൊഴി ഫിഷിങ്‌ ഹാർബറിൽ അടിയുന്ന മണ്ണ്‌ നീക്കം ചെയ്യാൻ കൊണ്ടുവന്ന യന്ത്രമാണ് ( ഡ്രഡ്ജിങ്‌ മിഷീൻ) അഞ്ചുതെങ്ങ് കായലിൽനിന്ന് നീക്കം ചെയ്യാതെ തുരുമ്പ് കയറി നശിക്കുന്നത്. ഹാർബറിൽ മണ്ണടിഞ്ഞുണ്ടാകുന്ന പ്രശനങ്ങൾക്കുപരിഹാരം കാണാനായി മണ്ണു നീക്കം ചെയ്ത് മത്സ്യബന്ധന യാനങ്ങൾക്ക് സുഗമമായ പാതയൊരുക്കുന്നതിനായി എത്തിച്ച മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലുള്ള യന്ത്രമാണ് നീക്കം ചെയ്യാനാകാതെ കായലിൽ കിടന്നു നശിക്കുന്നത്.

ആദ്യതവണത്തെ പ്രവർത്തനത്തിൽ തന്നെ യന്ത്രത്തിന്റെ ഷാഫ്റ്റ് ഒടിഞ്ഞ് മണ്ണിൽ ആഴ്‌ന്നു പോകുകയായിരുന്നു. അതോടെ പ്രവർത്തനരഹിതമായ യന്ത്രത്തെ ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറ്റി നങ്കൂരമിട്ടു ബന്ധിക്കുകയായിരുന്നു. നിരവധി തവണ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ബോർഡിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും യന്ത്രം പുതുക്കിപ്പണിയുവാനോ, മാറ്റി കൊണ്ടുപോകുവാനോ മാരിടൈം അധികൃതർ തയ്യാറായില്ലെന്നാണ് ആക്ഷേപം.

വർഷങ്ങൾക്കിപ്പുറം അദാനി ഗ്രൂപ്പിന്റെ ഡ്രഡ്ജർ വന്ന് ഒടിഞ്ഞു പോയ ഷാഫ്റ്റ് നന്നാക്കിയെങ്കിലും അപ്പോഴേക്കും യന്ത്രം ശരിയാക്കാനാകാത്ത വിധം നശിച്ചിരുന്നു. കേടായ യന്ത്രം അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷന് പിന്നിലാണ്‌ നങ്കുരമിട്ട് ബന്ധിച്ചിരിക്കുന്നത്. ഈ സ്ഥലം കോസ്റ്റൽ പൊലീസിന് ബോട്ട്ജട്ടി നിർമിക്കാനായി അനുവദിച്ചിരിക്കുന്ന കായൽ പ്രദേശമാണ് .

ഇത് നീക്കം ചെയ്യാതെ ബോട്ട്ജട്ടി പണിയാനും സാധ്യമല്ലാതായിരിക്കുകയാണ്. 20 മീറ്ററോളം നീളവും വീതിയും ഉള്ളതായതിനാൽ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്കും തടസ്സമുണ്ടാക്കുന്നതായി തൊഴിലാളികൾ പറയുന്നു. വെള്ളത്തിൽനിന്നും ഇനി വലിച്ചു നീക്കി കൊണ്ടുപോകൽ സാധ്യമല്ലെന്നും, പൊളിച്ചു നീക്കൽ മാത്രമാണ് ഏക പോംവഴിയെന്നുമാണ് ഇതുമായി ബന്ധപ്പെട്ട വിദഗധർ പറയുന്നത്. യന്ത്രം എത്രയും പെട്ടന്ന് നീക്കം ചെയ്യണമെന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെടുന്നു.