പാനൂർ:
കടവത്തൂരിൽ മയ്യഴിപ്പുഴയുടെ തീരം നികത്തി സ്വകാര്യ വ്യക്തികൾ റോഡ് പണിയുന്നു. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ കല്ലാച്ചേരി കടവ്, മുണ്ടത്തോട് പാലത്തിന് സമീപം, വായോത്ത് – ചാത്തോൾ കടവ് ഭാഗങ്ങളിലാണ് വ്യാപകമായ നികത്തൽ. കോഴിക്കോട്, -കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്‌ട കല്ലാച്ചേരി കടവ് പാലത്തിന് സമീപം നൂറു മീറ്ററോളം നീളത്തിൽ ആറു മീറ്ററോളം വീതിയിൽ കെട്ടിടം പൊളിച്ച അവശിഷ്ടങ്ങളും തള്ളിയാണ് റോഡ് പണിയുന്നത്.
സമാന രീതിയിലാണ് മുണ്ടത്തോട് പാലത്തിന് സമീപവും ചാത്തോൾ കടവ് ഭാഗങ്ങളിലും നികത്തുന്നത്. നികത്തിയ ഭാഗങ്ങളിൽ പുഴയുടെ വീതി വളരെ ചുരുങ്ങിയിരിക്കുകയാണ്. നടവഴിയാണ് വീതിയുള്ള റോഡാക്കിയിരിക്കുന്നത്.
നിയമലംഘനം ശ്രദ്ധയിൽപ്പെടുത്തിയിട്ടും തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് ഭരണസമിതി ഇടപെടുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. നികത്തിയ മണ്ണും മാലിന്യങ്ങളും നീക്കി പുഴയുടെ ഒഴുക്കിനെ സുഗമമാക്കണമെന്ന് ആവശ്യപ്പെട്ട് ആർഡിഒവിന് ഉൾപ്പെടെ പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.