കോട്ടയം:
പത്തുവർഷം മുമ്പ് കണ്ണൂരിൽനിന്നൊരു പാലക്കാട്ടുകാരൻ നടന്നുതുടങ്ങി. നടന്ന വഴികളിലെ പ്ലാസ്റ്റിക് മാലിന്യവും ശേഖരിച്ചു. പിന്നെ അത് പുനരുൽപാദനത്തിന് കൈമാറി. പ്ലാസ്റ്റിക് പരിസ്ഥിതിക്ക് ദോഷമാണെന്ന ചെറുചിന്തയിൽനിന്ന് തുടങ്ങിയ ആ വലിയ നടത്തം ആറ് ജില്ലകൾ കടന്ന് കോട്ടയത്തെത്തിയിരിക്കുകയാണ്.
പാലക്കാട് തൃത്താല കൂടല്ലൂർ കടവത്ത് കാട്ടുപറമ്പിൽ മുരളീധരനാണ് (42) പ്രകൃതിക്കൊപ്പം നടക്കുന്നത്. പാടശേഖരങ്ങളിൽനിന്നും റോഡരികിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും ചെറിയ ഉന്തുവണ്ടിയിലാക്കി കൊണ്ടുവന്ന് കോട്ടയം ചുങ്കത്ത് മീനച്ചിലാറിന്റെ കടവിലെത്തിച്ച് കഴുകി ചാക്കുകളിലായി സൂക്ഷിക്കും. രണ്ടുമാസം കൂടുമ്പോൾ ചന്തയിലെ റീസൈക്ലിങ് കടയിലെത്തിക്കും.
ചെറിയ വരുമാനം കിട്ടുമെങ്കിലും ഇദ്ദേഹത്തിന് ഇത് ഉപജീവനമാർഗമല്ല. തന്നെക്കൊണ്ടാവുന്നത് ഭൂമിക്കുവേണ്ടി ചെയ്യുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചുമൊക്കെ ബോധവാനാണ് മുരളീധരൻ. പത്താംക്ലാസുകാരനായ ഇദ്ദേഹത്തിന് ആഴത്തിലുള്ള വായനയിലൂടെ കിട്ടിയ നല്ല ചിന്തകളാണിതൊക്കെ.
പരിസ്ഥിതിയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പുസ്തകങ്ങൾ വായിക്കും. ഒന്നും പണം കൊടുത്ത് വാങ്ങാറില്ല. വീടുകളിൽനിന്ന് പഴയ വസ്തുക്കൾ ശേഖരിക്കുമ്പോൾ താനേ വന്നുചേരുന്നതാണ്. എല്ലാം വായിച്ച് റഫറൻസിനുള്ളത് മാറ്റിവെച്ച് ബാക്കി ഏതെങ്കിലും ലൈബ്രറിക്ക് നൽകും. അങ്ങനെ വായനയും തടസ്സമില്ലാതെ നടക്കുന്നു.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകൾ വഴിയായിരുന്നു യാത്ര. ഓരോയിടത്തും ഏതെങ്കിലും പഞ്ചായത്ത് കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. രാവിലെയും വൈകീട്ടും മീൻകച്ചവടം നടത്തി വീട്ടുചെലവിനുള്ളത് കണ്ടെത്തും. മാസത്തിലൊരിക്കൽ വീട്ടിൽപോയി മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും കാണും.
കോട്ടയത്ത് വന്നിട്ട് ഇത് മൂന്നാം വർഷം. മുനിസിപ്പൽ പരിധിയിൽ എല്ലായിടത്തും തന്റെ ഉന്തുവണ്ടിയുമായി മുരളീധരൻ എത്തും. പഴയ സെമിനാരി റോഡരികിലെ വാടകമുറിയിലാണ് താമസം.
കേരളത്തിലെ എല്ലാ ജില്ലകളിലും പ്ലാസ്റ്റിക് മാലിന്യനിർമാർജനത്തിനായി സഞ്ചരിക്കുകയാണ് ലക്ഷ്യം. അടുത്ത വർഷം തിരുവല്ല വഴി പത്തനംതിട്ടയിലേക്ക് കടക്കണം. മുരളീധരന്റെ നന്മ തിരിച്ചറിഞ്ഞ് അംഗീകരിച്ചവരും അഭിനന്ദിച്ചവരും ഏറെ. ഭാര്യ ഷൈനിമോൾ, വിദ്യാർഥികളായ മക്കൾ അവന്തിക, അലംകൃത എന്നിവർക്കും മുരളീധരന്റെ പ്രവൃത്തികളിൽ അഭിമാനം മാത്രം.