Thu. Jan 23rd, 2025
ഫറോക്ക്:

ഭൂമിയിൽ ഒന്നിനെയും കണ്ടറിയാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത കാഴ്ച പരിമിതർക്കായി ലോകത്തെ തൊട്ടും മണത്തും കേട്ടുമറിയാൻ കൊളത്തറ കലിക്കറ്റ് വികലാംഗ വിദ്യാലയത്തിൽ സ്പർശനോദ്യാനം വരുന്നു. ഇന്ദ്രിയ എന്ന പേരിലാണ്‌ പദ്ധതി. കാഴ്ചയില്ലാത്തവർക്ക് ഭൂമിയിലെ എല്ലാ അവസ്ഥകളേയും അനുഭവിച്ചറിയുന്നതിന്‌ ഇത്‌ സഹായകരമാവും. “അൺ ബൗൺഡ് ആർക്കിടെക്ച്ചർ’ ആണ് പദ്ധതി വിഭാവനം ചെയ്‌തത്‌.

കൊളത്തറ സ്കൂൾ വളപ്പിൽ ഒരിടത്ത് നാല് പ്രത്യേക സോണുകളാക്കി വേർതിരിച്ചാണ് ഇന്ദ്രിയ പാർക്ക് . ആദ്യമെത്തുന്നത് ഫോറസ്റ്റ് സോണിലേക്കാണ്. ഇവിടേക്ക് കാലെടുത്തുവച്ചാൽ കാട്ടിലെത്തിയതിന്റെ പ്രതീതിയുണ്ടാകും.

പക്ഷി – മൃഗാദികൾ, കാട്ടരുവികളുടെ കളകളാരവം, തെളിനീരിൽ കാലിട്ടടിക്കാം. രണ്ടാമത്തെ സോണിൽ ശാസ്ത്ര-സാങ്കേതിക രംഗത്തെ വിവരങ്ങൾ തൊട്ടും കേട്ടുമറിയാനും കൂടുതൽ പഠിക്കാനും സൗകര്യമുണ്ടാകും. ചരിത്രപരമായ വിവരങ്ങളും ലഭിക്കും. തൊട്ടറിയാവുന്ന ചെറു മ്യൂസിയവും ഉൾപ്പെടും. ഫാമിങ് സോണും നാല്‌ കുളങ്ങളുമുണ്ട്‌. അവസാനത്തേത് തുറന്ന ആംഫി തിയറ്ററുമാണ്.

കാഴ്ച പരിമിതർക്ക് കൃഷിയുടെ നേരനുഭവങ്ങൾ പകർന്നു നൽകുന്നതാകും ഉദ്യാനത്തിലെ കാർഷിക മേഖല. അൺബൗണ്ട് ആർക്കിടെക്ടർ ജസ്ന ഷിറിൻ തുടക്കമിട്ട പദ്ധതിയാണിപ്പോൾ സുഹൃത്തുക്കളൊന്നിച്ച് കൊളത്തറ സ്കൂളിനായി സമർപ്പിച്ചിരിക്കുന്നത്. 30 ലക്ഷം മുതൽ 50 ലക്ഷം വരെയാണ് പദ്ധതി ചെലവ്.

സർക്കാർ സഹായത്തോടെ കോർപറേഷൻ ഏറ്റെടുത്തു നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ച് പദ്ധതി കോർപറേഷന് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൂളിൽ നടന്ന ചടങ്ങിൽ അൺബൗണ്ട് പ്രതിനിധികളായ സാഹിർ മുഹമ്മദ്, ഫെബിൻ മത്തായി , റയ്‌മണ്ട് വില്യം, ജസ്മ ഷിറിൻ, ഫാത്തിമ സിയാൻ എന്നിവർ പദ്ധതി അവതരിപ്പിച്ചു. കോർപറേഷൻ കൗൺസിലർ , മാനേജ്മെന്റ്‌- പിടിഎ പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.