കൊടകര:
രണ്ട് പതിറ്റാണ്ട് മുമ്പ് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മിച്ച മാങ്കുറ്റിപ്പാടം ശാന്തിനഗര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നോക്കുകുത്തിയായി. വര്‍ഷങ്ങളായി പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന ഈ പദ്ധതിയെ കുടിവെള്ള പദ്ധതിയായി മാറ്റണമെന്ന് ആവശ്യമുയരുന്നു. ജലസമൃദ്ധമായ കുളവും പമ്പ്ഹൗസും പദ്ധതിക്കുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ആര്‍ക്കും ലഭിക്കുന്നില്ല.
മറ്റത്തൂര്‍ പഞ്ചായത്തിലെ മാങ്കുറ്റിപ്പാടം ശാന്തിനഗര്‍ പ്രദേശത്ത് വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ജലക്ഷാമത്തിനു പരിഹാരമായാണ് രണ്ട് പതിറ്റാണ്ട് മുമ്പ് ശാന്തിനഗര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ആവിഷ്കരിച്ചത്. മാങ്കുറ്റിപ്പാടം ശാന്തിനഗര്‍ പ്രദേശത്തെ കനാലിനു മുകള്‍ വശത്തുള്ള കൃഷിഭൂമിയിലേക്ക് ജലസേചന സൗകര്യവും ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ശുദ്ധജല ലഭ്യതയും ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപംനല്കിയത്. ഇതിനായിഗുണഭോക്തൃസമിതി രൂപവത്കരിക്കുകയും ശാന്തിനഗറില്‍ പമ്പ് ഹൗസും കുളവും നിര്‍മിക്കാനുള്ള ഭൂമി വാങ്ങുകയും ചെയ്തു. വൈകാത കുളവും പമ്പ് ഹൗസും നിര്‍മിച്ച് മോട്ടോര്‍ വാങ്ങി സ്ഥാപിച്ചു.
എന്നാല്‍, തുടര്‍ പണികള്‍ ഉണ്ടായില്ല. പദ്ധതിക്കായി വാങ്ങിയ പൈപ്പുകള്‍ കുറച്ചുമാത്രം സ്ഥാപിക്കുകയും ബാക്കി സ്വകാര്യ പറമ്പില്‍ കൂട്ടിയിടുകയും ചെയ്തു. ഒരു വ്യാഴവട്ടത്തോളം അവഗണനയില്‍ കിടന്ന പദ്ധതിക്ക് ആവശ്യമായ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനായത് രണ്ടുവര്‍ഷം മുമ്പാണ്.
ജില്ല പഞ്ചായത്തിന്റെ സഹായത്തോടെ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ പദ്ധതി രണ്ടുവര്‍ഷം മുമ്പാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന സമയത്ത് ഒന്നോ രണ്ടോ തവണ മോട്ടോര്‍ പ്രവര്ത്തിപ്പിച്ചതൊഴിച്ചാല് ഇതുവരെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി പ്രവര്‍ത്തിപ്പിച്ചിട്ടില്ല. പദ്ധതിയുടെ ആയക്കെട്ട് പരിധിയില്‍ വേനലായാല്‍ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണുള്ളത്.
ഇവിടത്തെ പറമ്പുകളില്‍ ജലസേചനം നടത്തിയാല്‍ കിണറുകളില്‍ ജലനിരപ്പുയരുകയും കുടിവെള്ള ക്ഷാമം പൂര്‍ണമായി പരിഹരിക്കപ്പെടുകയും ചെയ്യും. എന്നാല്‍, ജലസേചനം നടത്താന്‍ ഗുണഭോക്താക്കള്‍ വേണ്ടത്ര താല്പര്യം കാണിക്കാത്തതാണ് പ്രശ്നം. പദ്ധതിക്കു വേണ്ടി സഹകരണ സ്ഥാപനത്തില്‍നിന്ന് എടുത്ത വായ്പാതുക ഗുണഭോക്തൃ സമിതി ഭാരവാഹികളുടെ പേരില്‍ കടബാധ്യതയായി നിലനില്ക്കുന്നു.
ലിഫ്റ്റ് ഇറിഗേഷനായി പ്രവര്‍ത്തിപ്പിക്കാത്ത പദ്ധതിയെ കുടിവെള്ള പദ്ധതിയായി മാറ്റിയാല്‍ ശാന്തിനഗര്‍, ഗ്രാമമന്ദിരം പ്രദേശങ്ങളില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കാന്‍ സാധിക്കും. നിലവിലുള്ള പമ്പ് ഹൗസും കുളവും പൈപ്പ് ലൈനും ഉപയോഗപ്പെടുത്തി എളുപ്പത്തില്‍ ഇത് സാധ്യമാക്കാവുന്നതാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കുടിവെള്ള പദ്ധതിക്കായി ഉയര്‍ന്ന സ്ഥലത്ത് ജലസംഭരണിയും അനുബന്ധ പൈപ്പ് ലൈനുകളും സ്ഥാപിച്ചാല്‍ മേഖലയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കാനാകും.
ഇപ്പോള്‍ കിഴക്കേ കോടാലിയിലുള്ള മറ്റത്തൂര്‍ കുടിവെള്ള പദ്ധതിയില്‍നിന്നാണ് ഈ പ്രദേശത്തേക്ക് പൈപ്പ് വഴി ശുദ്ധജലമെത്തുന്നത്. ശാന്തി നഗര്‍ ലിഫ്റ്റ് ഇറിഗേഷന്‍ ചെറുകിട കുടിവെള്ള പദ്ധതിയാക്കി മാറ്റിയാല്‍ ഈ മേഖലയിലെ കുടിവെള്ള ക്ഷാമം പൂര്‍ണമായി പരിഹരിക്കാനാകും.