Fri. Nov 22nd, 2024
തിരുവനന്തപുരം:

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന് പ്രൊഫസർ പദവി നൽകാനായി കാലിക്കറ്റ്‌ സർവകലാശാല യുജിസി ചട്ടങ്ങൾ മാറ്റിയെന്ന് ആക്ഷേപം. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി പരാതി നൽകി. മുൻകാല പ്രാബല്യത്തിൽ പദവി നൽകിയത് ചട്ടവിരുദ്ധമാണെന്നാണ് പരാതി.

സർവീസിൽ നിന്ന് വിരമിച്ച കോളജ് അധ്യാപകർക്കുകൂടി പ്രൊഫസർ പദവി അനുവദിക്കാൻ കാലിക്കറ്റ് സർവകലാശാല ചട്ടങ്ങൾ ലംഘിച്ചെന്നാണ് പരാതി. 2018ലെ യുജിസി റെഗുലേഷൻ വകുപ്പ് പ്രകാരം സർവീസിൽ തുടരുന്നവർക്ക് മാത്രമേ പ്രൊഫസർ പദവി നൽകാവൂ.

മന്ത്രി ആർ ബിന്ദു കേരള വർമ കോളജിൽ ഇംഗ്ലീഷ് അധ്യാപകയായിരിക്കവേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായാണ് ജോലിയിൽ നിന്ന് വിരമിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് പ്രൊഫസർ പദവി കാട്ടി പ്രചാരണം നടത്തിയെന്ന് കാണിച്ച് എതിർ സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് ഹരജി ഫയൽ ചെയ്തിരുന്നു.