ലണ്ടൻ:
ബാങ്കുകളിൽനിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്ല്യക്ക് അവിടെയും വലിയ തിരിച്ചടി. മല്ല്യയെയും കുടുംബത്തെയും അവരുടെ ലണ്ടനിലെ ആഡംബര വസതിയിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടിരിക്കുകയാണ് യു കെ കോടതി.
ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് സ്വിസ് ബാങ്ക് യു ബി എസുമായുള്ള ദീർഘകാല തർക്കത്തിൽ മല്യക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌റ്റേ നൽകാൻ ബ്രിട്ടീഷ് കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി.
മല്യയുടെ പ്രധാന സ്വത്തായ ലണ്ടനിലെ റീജന്റ്സ് പാർക്കിന് അഭിമുഖമായുള്ള 18/19 കോൺവാൾ ടെറസ് ആഡംബര അപ്പാർട്ട്‌മെന്റ്, സ്വിസ് ബാങ്ക് യു ബി എസ് ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. “കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത്” എന്ന് യു കെ കോടതി വിശേഷിപ്പിച്ച അപ്പാർട്ട്മെൻറ്, നിലവിൽ 95 വയസ്സുകാരിയായ മല്യയുടെ അമ്മ ലളിതയാണ് കൈവശം വച്ചിരിക്കുന്നത്.