മേപ്പാടി:
ദുരന്തസാധ്യത, പരിസ്ഥിതി ആഘാതം എന്നിവയെപ്പറ്റി ഒരുവിധ പരിശോധനയുമില്ലാതെ കുന്നുകൾ ഇടിച്ചുള്ള മണ്ണ് ഖനനത്തിന് അനുമതി നൽകുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധമുയരുന്നു. മേപ്പാടി കാപ്പംകൊല്ലി, കോട്ടനാട് പ്രദേശങ്ങളിൽ അടുത്ത നാളുകളിൽ നടന്നതും കോഴിക്കോട്-ഊട്ടി അന്തർസംസ്ഥാന പാതക്കരികിൽ പഞ്ചമിക്കുന്നിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ മണ്ണെടുപ്പ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധമുയർന്നിട്ടുള്ളത്. ഏറെ വിനാശകരമായ രീതിയിൽ മണ്ണുഖനനം നടക്കുമ്പോഴും ജില്ലയിലെ ഉന്നത അധികാരികൾ മൗനംപാലിക്കുകയാണ്.
പഞ്ചമിക്കുന്നിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 30 സെന്റോളം വരുന്ന ഭൂമിയിൽനിന്ന് മണ്ണ് ഖനനം നടക്കുന്നു. 1,35,985 രൂപ റോയൽറ്റി ഇനത്തിൽ സർക്കാറിലേക്ക് അടച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻറെ അനുമതി രേഖയോടെ 3398.8 ക്യുബിക് മീറ്റർ മണ്ണെടുത്ത് നീക്കംചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഇവിടെ വ്യാപാരാവശ്യത്തിനായി കെട്ടിടം നിർമിക്കുന്നതിന് മേപ്പാടി ഗ്രാമപഞ്ചായത്ത് ലാൻഡ് ഡെവലപ്മെന്റ്, ബിൽഡിങ് അനുമതി രേഖകളും നൽകിയിട്ടുണ്ട്.
മണ്ണ് നീക്കംചെയ്യുന്നതിന് റവന്യൂ വകുപ്പും അനുമതി നൽകിയിട്ടുണ്ടെന്നാണറിയുന്നത്. കോട്ടപ്പടി വില്ലേജിൽപെട്ട ഈ കുന്നിൽ ഇതിനടുത്തായി മുമ്പ് വേറെയും മണ്ണെടുപ്പ് നടന്നിട്ടുണ്ട്. കാപ്പംകൊല്ലി, നാൽപത്താറ് എന്നിവിടങ്ങളിൽ പലഭാഗത്തായി അടുത്തകാലത്ത് വൻതോതിൽ സമാനമായ രീതിയിൽ മണ്ണെടുപ്പ് നടന്നു.
പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശമായ മേപ്പാടിയിൽ കുന്നുകൾ ഇടിച്ച് മണ്ണെടുപ്പ് നടത്തുന്നതിെൻറ ഭവിഷ്യത്തുകളെക്കുറിച്ച് ഏതു തരത്തിലുള്ള പരിശോധനകൾ നടത്തിയശേഷമാണ് അനുമതിരേഖകൾ നൽകിയത് എന്ന ചോദ്യത്തിന് അധികൃതർക്ക് വ്യക്തമായ മറുപടിയില്ല. മണ്ണെടുപ്പിനായി കഴിഞ്ഞ മൂന്നു വർഷങ്ങളായി പരിഗണിക്കപ്പെടാതെ കിടന്നിരുന്ന അപേക്ഷകൾക്കെല്ലാം ഒന്നിനുപിറകെ ഒന്നായി അനുമതികൊടുത്തുകൊണ്ടിരിക്കുകയാണിപ്പോൾ.
ഹിറ്റാച്ചി, മണ്ണുമാന്തിയന്ത്രം, ടിപ്പർ ലോറികൾ എല്ലാം ഉപയോഗിച്ചാണ് മണ്ണെടുത്ത് നീക്കംചെയ്യുന്നത്. സർക്കാർ ഖജനാവിലേക്ക് റോയൽറ്റി തുക നൽകുന്നതു മാത്രമാണ് മാനദണ്ഡം. ജില്ല ദുരന്തനിവാരണ അതോറിറ്റിയും ഇവിടെ നോക്കുകുത്തിയായി മാറുന്നു എന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
ഈ രീതിയിൽ ലക്കും ലഗാനുമില്ലാതെ മണ്ണ് ഖനനത്തിനനുമതി നൽകുന്ന അധികൃതരുടെ നിലപാടിനെതിരെ സമരരംഗത്ത് വരുമെന്ന് ഡി വൈ എഫ്ഐ മേഖല കമ്മിറ്റി ഭാരവാഹിയായ പ്രണവ് പറഞ്ഞു. ജില്ല ദുരന്തനിവാരണ അതോറിറ്റി മേഖലയിലെ വൻതോതിലുള്ള കുന്നിടിക്കലിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.