Mon. Dec 23rd, 2024
ഇരിട്ടി:

മാക്കൂട്ടത്ത്‌ കാലങ്ങളായി പ്രവർത്തിക്കുന്ന മൂന്ന്‌ കടകളിൽ കർണാടക വനംവകുപ്പ്‌ കുടിയൊഴിക്കൽ നോട്ടീസ്‌ പതിച്ചു. കടകൾ പ്രവർത്തിക്കാൻ ഉടമസ്ഥാവകാശ രേഖകയോ തെളിവോ ഉണ്ടെങ്കിൽ ഒരാഴ്‌ചക്കകം ഹാജരാക്കാനും ഇല്ലാത്തപക്ഷം ഏഴ്‌ ദിവസം കഴിഞ്ഞ്‌ ഒഴിയണമെന്നുമാണ്‌ നോട്ടീസ്‌. നിലവിൽ കർണാടക ബേട്ടോളി പഞ്ചായത്തിന്റെ കെട്ടിട നമ്പറുള്ള രണ്ട് കടകളിലും പായം പഞ്ചായത്ത്‌ കെട്ടിട നമ്പറുള്ള സജീറിന്റെ കടയിലുമാണ്‌ നോട്ടീസ് പതിച്ചത്‌.

മാക്കൂട്ടം പൊലീസ് എയ്ഡ്പോസ്റ്റിനടുത്ത വിജേഷ്, ബാബു എന്നിവരുടെ കടകളിലും നോട്ടീസ്‌ പതിച്ചു. സജീറിന്റെ കടയിൽ കഴിഞ്ഞ മാസം ബേട്ടോളി പഞ്ചായത്ത്‌ കുടിയിറക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന്‌ ഇരിട്ടി തഹസിൽദാർ ടി വി പ്രകാശൻ, പായം പഞ്ചായത്ത് പ്രസിഡന്റ്‌ പി രജനി എന്നിവരുടെ നേതൃത്വത്തിൽ കേരള അധികൃതർ ബേട്ടോളി പഞ്ചായത്തോഫീസിലെത്തി വിഷയം ചർച്ച ചെയ്‌തിരുന്നു. സംയുക്ത സർവേ നടത്തി തീരുമാനിക്കും വരെ മറ്റ്‌ നടപടികൾ ഉണ്ടാവരുതെന്ന തീരുമാനം ലംഘിച്ചാണ്‌ വീണ്ടും നോട്ടീസ്‌ പതിച്ചത്‌. മാക്കൂട്ടം ബ്രഹ്മഗിരി വൈൽഡ് ലൈഫ് റേഞ്ചറുടേതാണ്‌ നോട്ടീസ്.