Thu. Jan 23rd, 2025
ബൊഗോട്ട:

കൊളംബിയൻ സാഹിത്യ ഇതിഹാസം ഗബ്രിയേൽ ഗാർസിയ മാർക്വേസ് ത​ന്‍റെ സ്വകാര്യ ജീവിതത്തിലെ വലിയൊരധ്യായം മറച്ചുവെച്ചതായി റിപ്പോർട്ട്. 1990കളിൽ മെക്സിക്കൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമായ സൂസന്ന കാറ്റോയുമായുണ്ടായിരുന്ന വിവാഹാതേരബന്ധത്തിൽ ഒരു മകളുണ്ടായിരുന്നെന്ന വിവരമാണ് മാർക്വേസ് ഒളിച്ചുവെച്ചതെന്ന് കൊളംബിയൻ പത്രമായ എൽ യൂനിവേഴ്സൽ റിപ്പോർട്ട് ചെയ്തു.

മാർക്വേസി​ന്‍റെ രണ്ടു ബന്ധുക്കളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസും റിപ്പോർട്ട് ശരിവെച്ചു. മെഴ്സിഡസ് ബാർചയാണ് മാർക്വേസി​ന്‍റെ ഭാര്യ. ദമ്പതികൾക്ക് റൊഡ്രിഗോ, ഗോൺസാലോ എന്നിങ്ങനെ രണ്ടുമക്കളാണ്.

1996ൽ ഒരു മാഗസിനു വേണ്ടി മാർക്വേസിനെ അഭിമുഖം നടത്തിയ സൂസന്ന, രണ്ടു സിനിമകളുടെ തിരക്കഥയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയും ചെയ്തിരുന്നു. മകൾക്ക് ഇന്ദിര എന്നാണ് മാർക്വേസും സൂസന്നയും പേരിട്ടതത്രെ. ഇന്ദിരയെ കുറിച്ച് അറിയാമായിരു​ന്നെങ്കിലും മാർക്വേസിന് ഇക്കാര്യം പരസ്യപ്പെടുത്താൻ താൽപര്യമില്ലായിരുന്നതുകൊണ്ടാണ് മാധ്യമങ്ങളോട് വിവരം മറച്ചുവെച്ചതെന്ന് അനന്തരവളായ ഷാനി ഗാർസിയ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.