കരുനാഗപ്പള്ളി:
ഇടതുപക്ഷത്തിന് ഭരണത്തുടർച്ചയുള്ള കരുനാഗപ്പള്ളി നഗരസഭയിൽ വികസനകുതിപ്പെന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോഴും അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് നഗരത്തിൽ പ്രകടം. കുടിവെള്ളം, സ്വകാര്യ ബസ് സ്റ്റേഷൻ, മുനിസിപ്പൽ ടവർനിർമാണം പൂർത്തിയാക്കൽ, വൈദ്യുതി, അശാസ്ത്രീയമായ മാസ്റ്റർ പ്ലാൻ വികസനം, കെ എസ് ആർ ടിക്ക് സമീപത്തെ വെള്ളക്കെട്ട്, തുടങ്ങി കോടതി സമുച്ചയം ഭൂമി ഏറ്റെടുക്കൽ വരെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നു.
ദേശീയ പാതവികസനം നഗരഹൃദയത്തിൽ ഒരു കിലോമീറ്റർ പ്രദേശം എലിവേറ്റഡ് ഹൈവേയായിട്ട് നിർമിക്കുന്നത് നഗരത്തെ പകുത്ത് രണ്ടാക്കി മാറ്റുമെന്ന ആശങ്കയിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. യു ഡി എഫിന്റെ പ്രഥമനഗരസഭ ഭരണത്തിൽ, സ്വകാര്യ ബസ് സ്റ്റേഷൻ യാഥാർഥ്യമാക്കി ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം തുടങ്ങിയില്ല. 2016ൽ ഭരണം മാറി എൽ ഡി എഫ് വന്നപ്പോൾ വീണ്ടും ഉദ്ഘാടനം കഴിഞ്ഞെങ്കിലും ഇപ്പോഴും സ്വകാര്യ ബസ്സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയിട്ടില്ല.
കോടികൾ ചെലവഴിച്ച് നിർമാണം നടന്നുവരുന്ന മുനിസിപ്പൽ ടവർ നിർമാണം പൂർത്തിയാകും മുമ്പേ ഉദ്ഘാടനം നടത്തിയെങ്കിലും ഒന്നരവർഷം കഴിഞ്ഞെങ്കിലും നിർമാണം നിന്നിടത്ത് തന്നെ നിൽക്കുന്നു. നഗരത്തിൽ നിലാവ് പദ്ധതിയുടെ ഭാഗമായി 4000 വൈദ്യുതി വിളക്കുകൾ കെൽട്രോൺ സ്ഥാപിച്ചെങ്കിലും ഭൂരിഭാഗവും മിഴികൾ അടച്ചിരിക്കുകയാണ്. കുടിവെള്ള പ്രശ്നം തീരദേശ മേഖലയിലെ 15 ഡിവിഷനുകളിൽ അതിരൂക്ഷമാണ്.
കുടിവെള്ളം ടാങ്കർ വഴി എത്തിക്കുന്നതിന് നഗരസഭ 80 ലക്ഷം രൂപയാണ് ഒരുവർഷം ചെലവിട്ടുന്നത്. ഇത് നഗരസഭക്ക് ഭീമമായ സാമ്പത്തിക നഷ്ടമാണ് വരുത്തിവെക്കുന്നത്. നിലവിലെ ഭരണ നേതൃത്വത്തിനെതിരെയുള്ള വിഭാഗിയതയുടെ ഭാഗമായ എതിർപ്പ് വികസന പദ്ധതികൾ തടസ്സപ്പെടുത്തുന്നുവെന്നതും വസ്തുതയാണ്. ജീവനക്കാർക്ക് ശമ്പളത്തിലുൾപ്പെടെ, സാമ്പത്തിക പ്രതിസന്ധി നിഴലിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിയത് എന്നത് എടുത്തുപറയേണ്ടതുമുണ്ട്.