കൊച്ചി:
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
ദിലീപിന്റെ ജാമ്യാപേക്ഷയിൽ വിശദമായ എതിർസത്യവാങ്മൂലം നൽകേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാൽ ജാമ്യാപേക്ഷ പരിഗണിക്കുന്നതും മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു. അറസ്റ്റിനുള്ള വിലക്ക് തുടരും.
അതേസമയം, രഹസ്യ വിചാരണ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് തടയണമെന്ന ദിലീപിന്റെ പരാതി ഡി ജി പി അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കോടതി അറിയിച്ചു. വിചാരണ കോടതി ഉത്തരവ് ലംഘിച്ചാൽ നടപടി എടുക്കാനും നിർദേശം നൽകി. ഹരജി രണ്ടാഴ്ച കഴിഞ്ഞ് ഹൈകോടതി പരിഗണിക്കും.
നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ കൂടാതെ സഹോദരൻ അനൂപ്, ബന്ധുക്കളായ സൂരജ്, അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മൂൻകൂർ ജാമ്യഹരജിയാണ് ഹൈകോടതി പരിഗണിച്ചത്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ആറുപേർക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ദിലീപിന്റെ വാദം.