Mon. Dec 23rd, 2024
തിരുവനന്തപുരം:

ആദിവാസി കോളനികളിൽ പുറത്തു നിന്നു വരുന്നവരെ നിരീക്ഷിക്കാൻ സിസിടിവി ഉൾപ്പെടെ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നു റൂറൽ എസ്പി ദിവ്യാ വി ഗോപിനാഥ്. കോളനികളിലെ ക്ഷേമത്തിനായി സമഗ്ര പദ്ധതി തയ്യാറാക്കും. ആദിവാസി പെൺകുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടു കോളനികൾ സന്ദർശിച്ചു തെളിവെടുത്ത ശേഷമായിരുന്നു പ്രതികരണം.

പെരിങ്ങമല ,വിതുര കോളനികളിലായി 5 പേർ അടുത്തിടെ ആത്മഹത്യ ചെയ്ത വാർത്ത പൊലീസിന് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു. തുടർന്നാണ് എസ്പി നേരിട്ടു തെളിവെടുപ്പിനു പോയത്. മൊബൈൽ ഫോൺ വഴി പരിചയപ്പെടുന്ന പെൺകുട്ടികളെയാണു പ്രണയ കെണിയിൽ പെടുത്തുന്നതെന്നു പൊലീസ് പറയുന്നു. ഇവരിൽ ചിലരെ ലൈംഗിക ചൂഷണത്തിനും ഇരയാക്കുന്നതായും കണ്ടെത്തി. ലഹരിയും വിതരണം ചെയ്യുന്നുണ്ട്.

എന്നിട്ടും പൊലീസോ എക്സൈസോ കാര്യമായ ഇടപെടൽ നടത്തിയില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. റൂറൽ എസ്പിയും സംഘവും വെട്ടിക്കാവ്, ഈയക്കോട് കോളനികളിലെത്തി ഊരുകളിലെ താമസക്കാരുമായി സംസാരിച്ചു. ആത്മഹത്യ ചെയ്ത പെൺകുട്ടികളുടെ വീടുകളിലുമെത്തി.

ലഹരി മാഫിയയുടെ സാന്നിധ്യം മേഖലയിൽ രൂക്ഷമാണെന്നു മാതാപിതാക്കൾ പരാതിപ്പെട്ടു. പ്രാദേശികമായി പൊലീസിനെ അറിയിച്ചിട്ടും തടയാൻ നടപടിയില്ലെന്ന പരാതിയും കോളനിവാസികൾ പങ്കിട്ടു.ഇതുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കുമെന്നും ബോധവൽക്കരണ പരിപാടി ആരംഭിക്കുമെന്നും എസ്പി പറഞ്ഞു .

കഴിഞ്ഞ ദിവസം എക്സൈസ് ജോയിൻ്റ് കമ്മിഷണറുടെ നേതൃത്വലെ സംഘവും ഊരുകളിലെത്തി തെളിവെടുത്തിരുന്നു. ആരെയും ഇതുവരെ പിടികൂടിയില്ലെന്നു മാത്രം.