Sat. Jan 18th, 2025
കോട്ടയം:

ചുമരുകളിൽ വർണവസന്തം തീർക്കുന്ന സദാനന്ദന്റെ ജീവിത്തിനും ഇനി കോടികളുടെ വർണപ്പകിട്ട്‌. ഞായറാഴ്‌ച രാവിലെ വീട്ടിലേക്കുള്ള പച്ചക്കറിക്കൊപ്പമാണ്‌ 12 കോടിയുടെ ബമ്പർ ഭാഗ്യത്തെയും വാങ്ങി സദാനന്ദനെത്തിയത്‌. നറുക്കെടുപ്പിന്‌ ഏതാനും മണിക്കൂർ മുമ്പെടുത്ത ടിക്കറ്റിൽ ക്രിസ്മസ് പുതുവത്സര ബമ്പറായ 12 കോടി ലഭിച്ചതിന്റെ സന്തോഷത്തിലാണ്‌ പെയിന്റിങ്‌ തൊഴിലാളിയായ കുടയംപടി പാണ്ഡവം ഓളിപ്പറമ്പിൽ സി എൻ സദാനന്ദനും കുടുംബവും.

എഴുപത്തിരണ്ടുകാരനായ സദാനന്ദൻ, കുടയംപടിയിലെ വിൽപനക്കാരനിൽനിന്നാണ്‌ എക്‌സ്‌ ജി 218582 നമ്പർ ടിക്കറ്റ്‌ എടുത്തത്‌. വാർത്തയിലൂടെ അറിഞ്ഞിട്ടും ബമ്പറടിച്ചുവെന്ന് വിശ്വസിക്കാനായില്ലെന്ന്‌ ഭാര്യ രാജമ്മ. ‘‘വീട് നന്നാക്കണം, മക്കൾക്ക് കുറച്ച്‌ കടമുണ്ട്‌ അത്‌ വീട്ടണം’’–രാജമ്മ പറഞ്ഞു. സദാനന്ദൻ സ്ഥിരമായി ലോട്ടറി എടുക്കാറില്ല. മുമ്പ് ഒരിക്കൽ 5000 രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ട്‌.

ആർട്ടിസ്‌റ്റ്‌ സനീഷ് സദനും ഓട്ടോഡ്രൈവർ സഞ്ജയ് സദനുമാണ്‌ മക്കൾ. മരുമക്കൾ: ആശ, ചിപ്പി. എസ്ബിഐ അയ്മനം ശാഖയിൽ ടിക്കറ്റ് ഏൽപിക്കുമെന്ന് സദാനന്ദൻ പറഞ്ഞു.