ലണ്ടൻ:
കടയിൽ സാധനങ്ങൾ വാങ്ങാനും പരിപാടികൾ കാണാനും വരി നിന്ന് വരി നിന്ന് വയ്യാണ്ടായോ? എങ്കിൽ നിങ്ങൾക്ക് വേണ്ടി നിൽക്കാൻ ഫ്രെഡി ബെക്കിറ്റ് റെഡിയാണ്. കക്ഷി ചുമ്മാതങ്ങ് നിൽക്കില്ല, മണിക്കൂറിന് പണം കൊടുക്കണം.
ഒരു ദിവസം വരിനിന്ന് ഈ ലണ്ടൻ സ്വദേശി സമ്പാദിക്കുന്ന തുക കേട്ടാൽ ഞെട്ടും. 16,000 രൂപയാണ് എട്ടുമണിക്കൂർ ജോലി ‘വരി നിൽക്കൽ’ ജോലി ചെയ്ത് പ്രതിദിനം ഫ്രെഡി കീശയിലാക്കുന്നത്.
മ്യൂസിയങ്ങൾ, സ്റ്റേഡിയങ്ങൾ, തിയറ്ററുകൾ, മാളുകൾ, ഗാലറികൾ, കടകൾ, മദ്യവിൽപ്പനശാലകൾ തുടങ്ങി പലയിടത്തും വരിയോട് വരിയാണ്. വരിനിന്നാൽ ‘അഭിമാനം ഇടിഞ്ഞുവീഴുമോ’ എന്ന് ആശങ്കപ്പെടുന്ന സമ്പന്നരും ഏറെ നേരം നിൽക്കാൻ ആരോഗ്യമില്ലാത്ത വയോധികരുമാണ് വെസ്റ്റ് ലണ്ടനിലെ ഫുൾഹാം നിവാസിയായ ഫ്രെഡിയുടെ കസ്റ്റമേഴ്സ്.
ദിവസത്തിന്റെ ഏറിയ പങ്കും ക്യൂ നിന്ന് കളയാനില്ലാത്തവരും ഫ്രെഡിയെ പോലുള്ള പ്രഫഷനൽ വരിനിൽക്കൽ തൊഴിലാളികളെ ആശ്രയിക്കുന്നു. തങ്ങൾക്കാവശ്യമുള്ളത് ലഭിക്കാൻ കൊടും തണുപ്പും കത്തുന്ന വെയിലും വകവെക്കാതെ കുത്തനെ കാത്തുനിൽക്കുന്നതിനേക്കാൾ ഭേദം കാശ് കൊടുത്ത് സേവനം തേടുന്നതാണെന്ന് ഇവർ പറയുന്നു.