Thu. Dec 19th, 2024
ന്യൂഡൽഹി:

പ്രശസ്ത കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഇന്നലെ രാത്രി പേരക്കുട്ടിക്കൊപ്പം സമയം ചെലവഴിക്കുന്നതിനെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു. തുടർന്ന് ഡൽഹിയിലെ സകേത് ആശുപത്രിയി​ൽ എത്തിച്ചെങ്കിലും മരിച്ചു. വൃക്ക സംബന്ധമായ അസുഖത്തിന് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം ചികിത്സ തേടിയിരുന്നു.

പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. വാദ്യോപകരണ സംഗീതം, നൃത്തസംവിധാനം, ഗാനരചന എന്നീ മേഖലകളിലും ബിർജു മഹാരാജ് തിളങ്ങി. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ അദ്ദേഹം നൃത്തപരിപാടികൾ അവതരിപ്പിച്ചിരുന്നു. ഡൽഹിയിൽ കലാശ്രമം എന്ന പേരിൽ കഥക് കളരിയും നടത്തിവരികയായിരുന്നു.

ലഖ്നോവിലെ കഥക് നർത്തകരുടെ കുടുംബത്തിൽ 1938ലായിരുന്നു ജനനം. അദ്ദേഹത്തിന്റെ അമ്മാവൻമാരായ ശംഭു മഹാരാജ്, ലച്ചു മഹാരാജ് പിതാവ് ജഗന്നാഥ് മഹാരാജ് (അച്ചൻ മഹാരാജ്) എന്നിവർ പ്രശസ്ത കഥക് നർത്തകരായിരുന്നു.