Mon. Dec 23rd, 2024
ചെറുതോണി:

ദുരിത യാത്രയാണ് മക്കുവള്ളിയിലേക്ക്. ആനച്ചൂര് അടിക്കുന്ന കൊടും കാടിനുള്ളിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഗ്രാമത്തിലേക്ക് എത്താൻ കാൽനട യാത്ര മാത്രം ശരണം. അല്ലെങ്കിൽ ഫ്രണ്ട് ഗിയറുള്ള വാഹനം വേണം.

മക്കുവള്ളിയിൽ കുടിയേറ്റം ആരംഭിച്ചിട്ട് 75 വർഷം. അധിക ഭക്ഷ്യോൽപാദന പദ്ധതി പ്രകാരം സർക്കാരിന്റെ ഒത്താശയോടെയായിരുന്നു കാടിനു നടുവിൽ കുടിയേറ്റക്കാർ താമസം ആരംഭിച്ചത്. എന്നാൽ, കുടിയേറ്റത്തിന്റെ സുവർണ ജൂബിലി പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങാത്തതിൽ നാട്ടുകാർ നിരാശരാണ്.

നൂറോളം കുടുംബങ്ങളാണ് റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെ വർഷങ്ങളായി ഇവിടെ ഒറ്റപ്പെട്ടു കഴിയുന്നത്. മാറി വരുന്ന ഭരണകൂടങ്ങളുടെ അവഗണന ഏറ്റു പതിറ്റാണ്ടുകളായി കൊടും കാടിനുള്ളിൽ കഴിഞ്ഞു കൂടുന്ന ഇവിടത്തെ ജനങ്ങൾ സഞ്ചാര യോഗ്യമായ ഒരു വഴിയെങ്കിലും നിർമിച്ചു നൽകണമെന്ന് ആവലാതി പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പക്ഷേ ആരു കേൾക്കാൻ.

ഹൈറേഞ്ചിലെ കാർഷിക ഉല്പന്നങ്ങളുടെ കലവറയാണ് കൊടും കാടിനുള്ളിലെ മക്കുവള്ളി ഗ്രാമം. നെല്ല്, റബർ, കുരുമുളക്, കാപ്പി, കൊക്കോ ഉൾപ്പെടെയുള്ള വിവിധയിനം കാർഷിക വിളകളാണ് ഇവിടെ തഴച്ചു വളരുന്നത്. എന്നാൽ ഈ കാർഷിക ഉല്പന്നങ്ങൾ പുറംലോകത്തേക്ക് എത്തിക്കുന്നതിന് മതിയായ യാത്ര സൗകര്യം ഈ നൂറ്റാണ്ടിലും ഇവിടെ ലഭ്യമായിട്ടില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ തൊടുപുഴ ഉൾപ്പെടെയുള്ള മേഖലകളിൽ എത്തിയാണ് ഗ്രാമത്തിലെ കുട്ടികൾ പഠിക്കുന്നത്. ഉടുമ്പന്നൂർ, മണിയാറൻകുടി, കഞ്ഞിക്കുഴി എന്നീ പ്രദേശങ്ങളുമായാണ് ദൈനംദിന ആവശ്യങ്ങൾക്ക് നാട്ടുകാർ ബന്ധപ്പെടുന്നത്. ഏഴു പതിറ്റാണ്ട് പിന്നിടുമ്പോൾ ഇവിടെ ലഭിച്ച ‘ആഡംബര’ സൗകര്യം വൈദ്യുതി മാത്രമാണ്.