Thu. Dec 19th, 2024
ഹരിപ്പാട്:

സൈൻ ബോർഡുകൾ സ്ഥാപിക്കാതെ ഗതാഗത പരിഷ്ക്കാരത്തിന്റെ പേരിൽ പൊലീസ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതി. ലീഗൽ സർവീസ് കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് നഗരത്തിൽ ഗതാഗത പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നത്. എന്നാൽ പരിഷ്ക്കാരങ്ങൾ പ്രാവർത്തികമാക്കുന്നതിനു മുൻപ് ജനങ്ങൾക്ക് ബോധവത്ക്കരണവും നഗരത്തിൽ സൈൻ ബോർഡുകളും സ്ഥാപിക്കണമെന്ന് നിർദേശം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

നോ പാർക്കിങ് ഏരിയാകളും പാർക്കിങ് ഏരിയാകളും കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കാത്തതിനാൽ എവിടെ വാഹനം നിർത്തിയിടണം എന്നത് സംബന്ധിച്ച് ജനങ്ങൾക്ക് വ്യക്തതയില്ല. റോഡിന്റെ ഒരു വശത്ത് മഞ്ഞ വര വരിച്ചിട്ടിട്ട് ഇതിനു പുറത്തോട്ടു വാഹനങ്ങൾ കിടന്നാൽ പിഴ ഇൗടാക്കുന്ന പൊലീസ് നടപടിയാണ് ജനങ്ങളുടെ പ്രതിഷേധത്തിനു കാരണമാകുന്നത്. നഗരത്തിൽ പല സ്ഥലത്തും മാസങ്ങളായി സൈൻ ബോർഡുകൾ തകർന്നു റോഡിൽ വീണു കിടക്കുകയാണ്. നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് സംവിധാനം ഒരുക്കേണ്ട അധികൃതർ അതിനു ശ്രമിക്കുന്നുമില്ല.

നഗരത്തിലെ വൺവേ തെറ്റിച്ചു കടന്നു വരുന്ന വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിക്കാത്ത പൊലീസിന്റെ പുതിയ നീക്കം ദുരൂഹമാണെന്നാണ് ജനങ്ങൾ പറയുന്നത്. പിഴ ഇൗടാക്കാൻ നഗരത്തിൽ നാലും അ‍ഞ്ചും പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. ദിവസവും മുപ്പതും നാൽപതും പേർക്ക് പിഴ ചുമത്താറുണ്ട്.

എന്നാൽ നഗരത്തിലെ ഗതാഗതം നിയന്ത്രിക്കാൻ രാവിലെയും വൈകിട്ടും പ്രധാന ജം‌ക്‌ഷനുകളിൽ പൊലീസിനെ നിയോഗിക്കണമെന്ന നിർദേശം ഇതു വരെ പാലിക്കപ്പെട്ടിട്ടില്ല. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി കാറുകളിൽ എത്തുന്നവരാണ് പാർക്ക് ചെയ്യാൻ സംവിധാനം ഒരുക്കാത്തതിനാൽ ഏറെ ബുദ്ധിമുട്ടുന്നത്.