Fri. Nov 22nd, 2024
സെർബിയ:

വളർത്തുനായ്ക്കളുടെ യജമാനസ്‌നേഹത്തെക്കുറിച്ച് കൂടുതൽ പറയേണ്ട കാര്യമില്ല. എന്നാൽ, വളർത്തുപൂച്ചയ്ക്കും ഇത്രയും സ്‌നേഹവും കരുതലുമുണ്ടാകുമോ!? സെർബിയയിലെ ഒരു പൂച്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ഉടമ മരിച്ച് രണ്ടുമാസം പിന്നിട്ടിട്ടും ഖബറിടത്തിനരികിൽനിന്ന് മാറാൻ കൂട്ടാകാതെ കാവലിരിക്കുന്നു ഇവിടെയൊരു പൂച്ച!

സെർബിയയിൽ ഏറെ സ്വാധീനമുള്ള മുസ്‍ലിം പണ്ഡിതനായിരുന്ന ശൈഖ് മുആമിർ സുകോർലിച്ചിന്റേതാണ് ഈ വളർത്തുപൂച്ച. കഴിഞ്ഞ നവംബർ ആറിനാണ് സെർബിയൻ ദേശീയ അസംബ്ലി വൈസ് പ്രസിഡന്റും മുഫ്തിയും(മതവിധികൾ നൽകുന്ന പണ്ഡിതൻ) ആയിരുന്ന ശൈഖ് മുആമിർ അന്തരിക്കുന്നത്. എന്നാൽ, മുആമിറിന്റെ വിയോഗശേഷം അദ്ദേഹത്തിന്റെ ഖബറിടത്തിനരികിൽ കാവലിരിക്കുന്ന പൂച്ചയാണിപ്പോൾ വാർത്താതാരം.

മുആമിറിന്‍റെ മരണത്തോടെ ഇവിടെ സ്ഥാനമുറപ്പിച്ച പൂച്ച രണ്ടു മാസം കഴിഞ്ഞും മാറിവരുന്ന കാലാവസ്ഥകളിലും എങ്ങോട്ടും പോകാൻ കൂട്ടാക്കാതെ ഇവിടെത്തന്നെ കാവലിരിക്കുകയാണ്. ചുറ്റും മഞ്ഞുമൂടിയിട്ടും ഒരു കുലുക്കവുമില്ലാതെ ഇരിക്കുന്ന പൂച്ചയുടെ ദൃശ്യങ്ങൾ ഒരു ട്വിറ്റർ യൂസർ പുറത്തുവിട്ടതോടെയാണ് ലോകത്തിന്റെ മൊത്തം നൊമ്പരക്കാഴ്ചയായി അതു മാറിയത്.