Sat. Jan 18th, 2025
കോഴിക്കോട്:

നടിയെ ആക്രമിച്ച കേസിൽ നീതി തേടി സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി അംഗങ്ങൾ വനിതാ കമ്മീഷന് മുന്നില്‍. നടി പാർവ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോൻ, ദീദി തുടങ്ങിയവര്‍ വനിതാ കമ്മീഷൻ ചെയര്‍പേഴ്സണ്‍ അഡ്വ പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.

ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടാൻ കമ്മീഷൻ ഇടപെടണമെന്നുമാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. കോഴിക്കോട് സർക്കാർ ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടത്തുന്നത്.

കേസില്‍ സമഗ്രമായ അന്വേഷണവും തൃപ്‍തികരമായ വിചാരണയും ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി നേരത്തെയും ആവശ്യപ്പെട്ടിരുന്നു. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താനാണ് ഡബ്ല്യുസിസി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

‘അവള്‍ക്കൊപ്പം’ എന്ന ടാഗും ചേര്‍ത്താണ് ഡബ്ല്യുസി സിമുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്.