Mon. Dec 23rd, 2024

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പര തോൽവിക്ക് പിന്നാലെ ടെസ്റ്റ് നായക സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി പാകിസ്താൻ താരങ്ങൾ. പാകിസ്താനിലെ ക്രിക്കറ്റ് ആരാധകരും 33-കാരനായ കോഹ്‌ലിയെ പ്രശംസിച്ച് രംഗത്തെത്തി. സോഷ്യൽ മീഡിയയിലൂടെയാണ് താരങ്ങൾ കോഹ്‌ലിക്ക് ആശംസ നേർന്നത്.

വിരാട് അനേകർക്ക് പ്രചോദനമാണെന്ന് പാകിസ്താൻ യുവപേസർ നസീം ഷാ ട്വീറ്റ് ചെയ്തു. കോഹ്‌ലിയുടെ പോസ്റ്റ് സഹിതമാണ് നസീമിന്റെ ട്വീറ്റ്. “നിങ്ങൾ ടീമിനെ നയിച്ച ആവേശത്തിന്റെ ജ്വാല ക്യാപ്റ്റൻസിയിൽ ദൃശ്യമായിരുന്നു. നിർഭയമായ നേതൃത്വത്തിന്റെയും ക്രിക്കറ്റിന്റെ ഗുണനിലവാരമുള്ള സ്പിരിറ്റിന്റെയും 7 വർഷമാണ് കടന്ന് പോയത്… ഭാവിക്ക് ആശംസകൾ…” അഹ്മദ് ഷഹ്സാദ് ട്വീറ്റ് ചെയ്തു.

മുഹമ്മദ് അമീറിന്റെ ട്വീറ്റ് ഇങ്ങനെ – “സഹോദരാ, നിങ്ങൾ ക്രിക്കറ്റിലെ വരാനിരിക്കുന്ന തലമുറയുടെ യഥാർത്ഥ നേതാവാണ്. നിങ്ങൾ യുവ ക്രിക്കറ്റ് താരങ്ങൾക്ക് പ്രചോദനമാണ്. മൈതാനത്തും പുറത്തും ഇതുപോലെ തുടരുക..” “സ്ഥിരോത്സാഹവും, കഴിവും കൊണ്ട് ഞങ്ങൾക്ക് മികച്ച ക്രിക്കറ്റ് വിനോദം സമ്മാനിച്ച വ്യക്തി. കായിക രംഗത്തെ പ്രചോദകനായ ഒരു കളിക്കാരൻ പടിയിറങ്ങുന്നു. നിങ്ങൾ നന്നായി പ്രയത്നിച്ചു. സമനിലയോടെയും അന്തസ്സോടെയും ഒരു ടീമിനെ നയിച്ചു..” – അസർ മഹമൂദ് പറഞ്ഞു.