Sat. Jan 18th, 2025
പൊന്നാനി:

ബിയ്യം റഗുലേറ്ററിന്റെ ഷട്ടറുകൾ അടച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും പൊന്നാനി മേഖലയിൽ വെള്ളക്കെട്ട്. കോൾ മേഖലയിൽ നിന്ന് അധിക ജലം ഒഴുകിയെത്തി ബിയ്യം മേഖലയിലെ നൂറോളം വീടുകൾക്കു മുൻപിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. പൊന്നാനി ചെറിയപാലം, വലിയ പാലം മേഖലകളിലെ കുടുംബങ്ങൾക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.

1.35 മീറ്റർ ഉയരത്തിൽ റഗുലേറ്ററിൽ ജലം സംഭരിച്ചു നിർത്തിയിരിക്കുകയാണിപ്പോൾ. മുണ്ടകൻ കൃഷിയിടങ്ങളിലേക്കും വെള്ളം കയറിയിട്ടുണ്ട്. ജലനിരപ്പ് ഉയർന്നതിനാൽ നരണിപ്പുഴയിലെ ബണ്ട് പൊട്ടാനുള്ള സാധ്യതയുണ്ടെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

പെട്ടെന്ന് ജലനിരപ്പ് ഉയരാനുള്ള കാരണത്തെക്കുറിച്ച് ജലസേചന വകുപ്പ് അധികൃതർക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊന്നാനി മേഖലയിലെ ബണ്ടുകളെക്കുറിച്ചും ജലസംഭരണത്തെക്കുറിച്ചും കൃത്യമായ പഠനം വേണമെന്നാണ് കർഷകരുടെ ആവശ്യം.