Mon. Dec 23rd, 2024

പ്രണവ് മോഹന്‍ലാലിനെ നായകനായെത്തുന്ന ‘ഹൃദയം’ 21ന് തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കി സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്തകള്‍ക്കിടെ വിനീത് ശ്രീനിവാസന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘ഹൃദയം’ ജനുവരി 21-ന് റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ലോക്ഡൗണ്‍, സണ്‍ഡേ കര്‍ഫ്യൂ, നൈറ്റ് കര്‍ഫ്യൂ എന്നിങ്ങനെയുള്ള നിയന്ത്രണങ്ങളൊന്നും വരാതിരുന്നാല്‍ 21ന് തന്നെ സിനിമ കേരളത്തിലെ തിയറ്ററുകളില്‍ എത്തും. റിലീസ് മാറ്റിവെച്ചു എന്ന വാര്‍ത്ത പരക്കുന്നതിനാലാണ് ഇങ്ങനെ ഒരു പോസ്റ്റ് -വിനീത് ഫേസ്ബുക്കില്‍ പറഞ്ഞു.

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തിലെ പുറത്തുവന്ന ഗാനങ്ങളെല്ലാം ഹിറ്റായിരുന്നു.