Wed. May 8th, 2024
തിരുവനന്തപുരം:

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്. ചീഫ് എയർപോർട്ട് ഓപ്പറേറ്റർ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പൊലീസാണ് കേസെടുത്തത്. എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിലാണ് കേസ്. കേസെടുത്തതിന് പിന്നാലെ മധുസൂദന ഗിരി റാവുവിനെ സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയർപോർട്ട് ഓപ്പറേറ്റർ. സെക്കന്ദരാബാദ് എയർപോർട്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പിൽ ചേർന്നയാളാണ് മധുസൂദന ഗിരി. എയർപോർട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചർച്ചകളിൽ അദാനി ഗ്രൂപ്പ് ഉന്നതരോടൊപ്പം മധുസൂദന ഗിരിയും പങ്കെടുത്തിരുന്നു.

അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജൻസികൾ വഴി താൽക്കാലികമായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. അത്തരത്തിൽ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് പരാതിക്കാരി.

ഈ മാസം നാലാം തീയതി തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു. പൊലീസ് കേസിന് പിന്നാലെ അദാനി ഗ്രൂപ്പ് വിഷയത്തിൽ വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.

ഒരു ജീവനക്കാരനെതിരെ ലൈംഗീക പീഡന പരാതി വന്നിട്ടുണ്ടെന്നും പരാതി വന്ന സാഹചര്യത്തിൽ നടപടി എടുത്തിട്ടുണ്ടെന്നുമാണ് കമ്പനി വിശദീകരണം. മധുസൂദന ഗിരി റാവുവിന്റെ പേര് പരാമർശിക്കാതെയാണ് അദാനി ഗ്രൂപ്പിന്റെ കുറിപ്പ്.