Sun. Dec 22nd, 2024
ലണ്ടൻ:

ലണ്ടനിൽ 750 കോടിയുടെ പുതിയ ആസ്ഥാനം തുറക്കാൻ ഗൂഗിൾ. സെൻട്രൽ സെന്റ് ജൈൽസിലുള്ള ഭീമൻ കെട്ടിടമാണ് ഗൂഗിൾ വന്‍തുകയ്ക്ക് സ്വന്തമാക്കിയത്. നിലവിൽ വാടക നൽകിയാണ് കമ്പനിയുടെ ഓഫീസ് ഇവിടെ പ്രവർത്തിക്കുന്നത്.

ഒരു ബില്യൻ ഡോളര്‍(ഏകദേശം 750 കോടി രൂപ) നൽകിയാണ് ഗൂഗിൾ കെട്ടിടം സ്വന്തമാക്കിയത്. വൻ നവീകരണപ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചാകും ഇവിടെ ഓഫീസ് പൂര്‍ണമായി സജ്ജമാകുക. സിഇഒ സുന്ദർ പിച്ചൈ സമൂഹമാധ്യമങ്ങളിലൂടെയാണ് കെട്ടിടം സ്വന്തമാക്കിയ വിവരം വെളിപ്പെടുത്തിയത്. ഒരേസമയം 10,000ത്തോളം പേർക്ക് ജോലി ചെയ്യാവുന്ന സൗകര്യമാണ് ഇവിടെ ഒരുങ്ങുന്നത്.

ഓക്‌സ്ഫഡ് സ്ട്രീറ്റിന് തൊട്ടടുത്തായി ലണ്ടന്റെ ഹൃദയഭാഗത്തായാണ് ഈ അംബരച്ചുംബി സ്ഥിതിചെയ്യുന്നത്. പച്ച, ചുവപ്പ്, ഓറഞ്ച് എന്നിങ്ങനെയുള്ള ബഹുവർണ പെയിന്റ് കൊണ്ട് നേരത്തെ തന്നെ വേറിട്ടുനിൽക്കുന്നതാണ് ഈ കെട്ടിടം.

38,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലത്ത് ഗൂഗിൾ ഓഫീസിനു പുറമെ 100 റസിഡൻഷ്യൽ അപാർട്‌മെന്റുകളും റെസ്റ്ററന്റുകളും കഫേകളുമെല്ലാം പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ ഇവിടത്തെ ഗൂഗിള്‍ ഓഫീസില്‍ 7,000ത്തോളം ജീവനക്കാരാണുള്ളത്.