Mon. Dec 23rd, 2024

കൊൽക്കത്ത നൈറ്റ് റൈഡെഴ്സ് ബൗളിംഗ് പരിശീലകനായി ഭരത് അരുൺ ചുമതലയേറ്റു. ഇന്ത്യൻ ടീമിൻ്റെ ബൗളിംഗ് പരിശീലകനായിരുന്ന അരുൺ കാലാവധി കഴിഞ്ഞ് സ്ഥാനമൊഴിഞ്ഞതിനു ശേഷമാണ് ഐപിഎൽ ക്ലബിനൊപ്പം ചേരുന്നത്. രവി ശാസ്ത്രിക്കൊപ്പം ഇന്ത്യൻ ടീം പരിശീലക സംഘത്തിലുണ്ടായിരുന്ന, കാലാവധി അവസാനിച്ച മറ്റാരും ഇതുവരെ പരിശീലനത്തിലേക്ക് തിരിഞ്ഞിട്ടില്ല.

2014 മുതൽ ദേശീയ ടീമിനൊപ്പമുള്ള അരുണിൻ്റെ കീഴിൽ ഇന്ത്യൻ പേസ് യൂണിറ്റ് ഏറെ പുരോഗമിച്ചിരുന്നു. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും കരുത്തുറ്റ പേസ് പടയിൽ ഒന്നായാണ് ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ കണക്കാക്കുന്നത്. ഇതിൽ അരുൺ വഹിച്ച പങ്ക് ചില്ലറയല്ല.

2015 മുതൽ 2017 വരെ അരുൺ ആർസിബിയ്ക്കൊപ്പം ഉണ്ടായിരുന്നു. താത്പര്യവൈരുദ്ധ്യത്തെ തുടർന്ന് അരുൺ ഈ സ്ഥാനം ഒഴിയുകയായിരുന്നു. രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഐപിഎൽ 15ആം സീസൺ വേദി മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി പലതവണ പറഞ്ഞെങ്കിലും അത് നടക്കാനിടയില്ലെന്നാണ് സൂചന. വേദിയായി ആദ്യം പരിഗണിക്കുക ഇന്ത്യയെത്തന്നെയാണെങ്കിലും മറ്റ് രണ്ട് രാജ്യങ്ങൾ കൂടി ബിസിസിഐയുടെ പരിഗണനയിലുണ്ട്.

ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ വേദികളാണ് ബാക്കപ്പ് ഓപ്ഷനുകളായി ബിസിസിഐ പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ ഭാഗികമായും അതിനു മുൻപത്തെ സീസണിൽ പൂർണമായും യുഎഇയിൽ വച്ച് നടത്തിയെങ്കിലും യുഎഇയെ എല്ലായ്പ്പോഴും പരിഗണിക്കാനാവില്ലെന്നാണ് ബിസിസിഐ നിലപാട്. ഇന്ത്യയിൽ തന്നെ നടത്തുകയാണെങ്കിൽ മുംബൈ നഗരത്തിലെ മൂന്ന് സ്റ്റേഡിയങ്ങളാവും ഐപിഎലിന് വേദിയാവുക.