Wed. Jan 22nd, 2025
പത്തനംത്തിട്ട:

ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞ് അപകടം. പുലര്‍ച്ചെ 3.30ന് ളാഹയില്‍ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 7 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തമിഴ്‌നാട് ഈറോഡില്‍ നിന്നുള്ള ഭക്തര്‍ ആണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ദിവസം മകരജ്യോതികാണാനെത്തിയ അയപ്പഭക്തന്മാരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. മകരവിളക്ക് കണ്ടു തൊഴാനായി സന്നിധാനത്ത് കഴിഞ്ഞ ദിവസം 75,000-ത്തോളം ഭക്തരാണ് കാത്തുനിന്നത്.

കൊവിഡ് കാലത്തെ ഏറ്റവും വലിയ ഭക്തജന സാന്നിധ്യമാണ് കഴിഞ്ഞ ദിവസം ശബരിമലയിൽ ഉണ്ടായത്. തിരുവാഭരണപേടകം സന്നിധാനത്ത് എത്തിയതിന് പിന്നാലെ ആഭരണങ്ങൾ അയ്യപ്പനെ അണിയിച്ച് 6.47-നാണ് നട തുറന്നത്. അയ്യപ്പനുള്ള ദീപാരാധന കഴിഞ്ഞതിന് പിന്നാലെ പൊന്നമ്പലമേട്ടിൽ മൂന്ന് തവണയായി മകരജ്യോതി തെളിയുകയായിരുന്നു.