കിളിമാനൂര്‍:
കിളിമാനൂർ കുടിവെള്ള പദ്ധതി യാഥാർഥ്യമായെങ്കിലും തടയണ നിർമാണം വാഗ്ദാനത്തിലൊതുങ്ങി. സ്ഥിരം തടയണ വേണമെന്ന ആവശ്യമുയരുമ്പോഴെല്ലാം പാരിസ്ഥിക പഠനം നടത്തണമെന്ന് പറഞ്ഞാണ് തടയണക്ക് അനുമതി വൈകിപ്പിക്കുന്നത്. വര്‍ഷം തോറും നിര്‍മിക്കുന്ന താല്‍ക്കാലിക തടയണക്കുള്ള തയാറെടുപ്പുകള്‍ തുടങ്ങിയതായി ജല അതോറിറ്റി അധികൃതര്‍ പറയുന്നു.
പഴയകുന്നുമ്മേല്‍, കിളിമാനൂര്‍, മടവൂര്‍ പഞ്ചായത്തുകള്‍ക്കായാണ് കിളിമാനൂര്‍ കുടിവെള്ളപദ്ധതി നടപ്പാക്കിയത്. വാമനപുരം നദിയിൽ കാരേറ്റ് ഭാഗത്ത് പമ്പ് ഹൗസ് സ്ഥാപിച്ച് ജലം പൈപ്പ് ലൈൻവഴി ഇരട്ടച്ചിറ കുതിരത്തടത്തിലെ വലിയ സംഭരണിയിലെത്തിച്ച് ശുദ്ധീകരിച്ച് വീടുകളിലെത്തിക്കുകയാണ് പദ്ധതി ലക്ഷ്യമിട്ടത്. കഴിഞ്ഞ വേനലില്‍ പമ്പ്ഹൗസിന്റെ പ്രവര്‍ത്തനം നിര്‍ത്തി.
ഇത്തവണ നേരത്തെ നദിയില്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. എന്നാൽ നീരൊഴുക്ക് കുറഞ്ഞാൽ മൂന്നുപഞ്ചായത്തുകളിലെയും മിക്ക പ്രദേശങ്ങളും കുടിവെള്ളക്ഷാമത്തിലാകും. മൂന്ന് പഞ്ചായത്തുകളിലുമായി 15,000 ത്തിലേറെ കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
കൂടാതെ ജലജീവന്‍ മിഷന് വഴി നൂറുകണക്കിന് കണക്ഷനുകളാണ് അടുത്തിടെ പഞ്ചായത്തുകൾ പുതുതായി നൽകിയത്. പഴയകുന്നുമ്മേലില്‍ രണ്ടുഘട്ടങ്ങളിലായി 1400, കിളിമാനൂരില്‍ 850, മടവൂരില്‍ 1460 കണക്ഷനുകളും പതുതായി നല്‍കിയിട്ടുണ്ട്. തടയണ നിർമാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ വരാൻ പോകുന്നത് വൻ കുടിവെള്ള ക്ഷാമമാകുമെന്ന് നാട്ടുകാർ പറയുന്നു.