Thu. Jan 23rd, 2025

ലോക ബാഡ്മിന്റണില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ കൗമാര താരം തസ്‌നിം മിർ. ചരിത്രത്തിലാദ്യമായി അണ്ടര്‍ 19 വിഭാഗത്തില്‍ ലോക ഒന്നാം നമ്പറാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡാണ് തസ്‌നിം സ്വന്തമാക്കിയത്. 16 കാരിയായ മിർ മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 10,810 പോയിന്റുമായാണ് ജൂനിയർ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്നത്.

റഷ്യയുടെ മരിയ ഗോലുബിവ, സ്‌പെയിന്റെ ലൂസിയ റോഡ്രിഗസ്‌, യുക്രൈയിന്റെ പോളിന ബുഹ്‌റോവ എന്നിവരെയാണ്‌ ഇന്ത്യന്‍ താരം പിന്നിലാക്കിയത്‌. 2011ലാണ് അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി ഡബ്യൂ എഫ് ജൂനിയര്‍ റാങ്കിങ് ആരംഭിക്കുന്നത്. ബാഡ്മിന്റണില്‍ ഇന്ത്യയുടെ വിലാസങ്ങളായ പിവി സിന്ധുവിനും സൈന നെഹ്‌വാളിനും റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് എത്താനായിട്ടില്ല. എന്നാല്‍ പി വി സിന്ധു രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

16 വയസ്സ് മാത്രം പ്രായമുള്ള തസ്‌നിം ഗുജറാത്ത് സ്വദേശിനിയാണ്. കഴിഞ്ഞ വര്‍ഷം മൂന്ന് ലോക ടൂര്‍ണമെന്റുകളില്‍ ജേതാവാകാന്‍ തസ്‌നിമിന് സാധിച്ചിരുന്നു. ഈ കിരീടങ്ങളുടെ ബലത്തിലാണ് യുവതാരം ലോക ഒന്നാം നമ്പറായി മാറിയത്. ബള്‍ഗേറിയ, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നടന്ന ടൂര്‍ണമെന്റുകളിലാണ് തസ്‌നിം കിരീടം നേടിയത്. ആൺകുട്ടികളുടെ സിംഗിൾസിൽ ലക്ഷ്യ സെൻ, സിറിൽ വർമ, ആദിത്യ ജോഷി എന്നിവർ ലോക ഒന്നാം നമ്പർ സ്ഥാനം അലങ്കരിച്ചിരുന്നു.