Thu. Jan 23rd, 2025

പൃഥ്വിരാജ്​ സുകുമാരൻ – സുരാജ്​ വെഞ്ഞാറമൂട്​ കൂട്ടുകെട്ടിൽ പുറത്തിറങ്ങി വൻ വിജയമായ ചിത്രമാണ്​ ഡ്രൈവിങ്​ ലൈസൻസ്​. സച്ചിയുടെ തിരക്കഥയിൽ ജീൻ പോൾ ലാൽ സംവിധാനം ചെയ്​ത ചിത്രത്തിൻ്റെ ബോളിവുഡ്​ റീമേക്കിൻ്റെ ചിത്രീകരണമാരംഭിച്ചിരിക്കുകയാണ്​. ‘സെൽഫി’ എന്നാണ്​ ചിത്രത്തിന്​ പേരിട്ടിരിക്കുന്നത്​.

പൃഥ്വിരാജ്​ ചെയ്​ത സൂപ്പർസ്റ്റാറിൻ്റെ വേഷത്തിൽ അക്ഷയ്​ കുമാറും സുരാജ്​ ചെയ്​ത ആരാധകൻ്റെ വേഷത്തിൽ ഇമ്രാൻ ഹാഷ്​മിയുമാണ്​ അഭിനയിക്കുന്നത്​. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം നടന്‍ പൃഥ്വിരാജാണ് ആരാധകരെ അറിയിച്ചത്.

ചിത്രത്തിന്റെ ഹിന്ദിയിലെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയാണ് പൃഥ്വിരാജ്. ‘നിങ്ങളുടെ മികച്ച പുഞ്ചിരി പ്രകാശിപ്പിക്കൂ! സെല്‍ഫി ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു’ എന്ന കുറിപ്പോടെ ചിത്രത്തിലെ ഒരു വീഡിയോയും പൃഥ്വിരാജ് പങ്കുവെച്ചു.

രാജ് മേത്തയാണ് സെല്‍ഫിയുടെ സംവിധാനം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രെയിംസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയുമായി സഹകരിച്ചാണ് ചിത്രം നിര്‍മ്മിക്കുന്നത്. കടുത്ത കാർ പ്രേമിയായ സൂപ്പര്‍ താരത്തിന്റെയും, അദ്ദേഹത്തിൻ്റെ കടുത്ത ആരാധകനായ ഒരു വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെയും കഥയാണ് ഡ്രൈവിങ്​ ലൈസൻസ്​ പറഞ്ഞത്.