Fri. Apr 26th, 2024
ബെയ്​ജിങ്​:

ഇന്‍റർനെറ്റ്​ വേഗത കുറഞ്ഞതിന്‍റെ ദേഷ്യത്തിൽ ഇന്‍റർനെറ്റ്​ ഉപകരണങ്ങൾ കത്തിച്ച യുവാവിന്​ ഏഴുവർഷം തടവുശിക്ഷ. ചൈനയിലെ തെക്കൻ ഗ്വാങ്​സി പ്രവിശ്യയിൽ ഇന്‍റർനെറ്റ്​ കഫേ നടത്തുന്ന ലാൻ എന്നയാൾക്കാണ്​ ശിക്ഷ വിധിച്ചത്​.

ഇന്‍റർനെറ്റ്​ കണക്ഷന്‍റെ വേഗത കുറഞ്ഞതിന്​ ഒപ്​റ്റിക്കൽ ഫൈബർ നെറ്റ്​വർക്ക്​ കേബിളുകൾ അടങ്ങിയ ഒരു ബോക്സാണ്​ ലാൻ നശിപ്പിച്ചതെന്ന്​ പ്രാദേശിക കോടതി പറഞ്ഞു.

ലൈറ്റർ ഉപയോഗിച്ച്​ തന്‍റെ തൂവാല കത്തിക്കുകയും ശേഷം ടെലികമ്യൂണിക്കേഷൻ ബോക്സിന്​ തീയിടുകയുമായിരുന്നു. ബോക്സ്​ നശിച്ചതോടെ 4000 ത്തോളം വീടുകളുടെയും ആശുപത്രി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും ഇന്‍റർനെറ്റ്​ സംവിധാനം 28 മുതൽ 50 മണിക്കൂർ വരെ തടസപ്പെട്ടു.

സംഭവത്തിന്​ ശേഷം ലാൻ തീയിടാൻ ഉപയോഗിച്ച്​ ലൈറ്റർ സുരക്ഷ ഉദ്യോഗസ്ഥർ കസ്റ്റഡിയി​ലെടുത്തിരുന്നു. തിങ്കളാഴ്ച പൊതു ഇന്‍റർനെറ്റ്​ സേവന സംവിധാനം നശിപ്പിച്ചതിന്​ കോടതി ലാനിന്​ ഏഴുവർഷം തടവുശിക്ഷ വിധിച്ച്​ ഉത്തരവിട്ടു.