Mon. Nov 25th, 2024
കറ്റാനം:

വിവാഹാനന്തരം യാത്ര ചെയ്യാൻ വധൂ വരൻമാർ ആംബുലൻസ് ഉപയോഗിച്ച സംഭവത്തിൽ വാഹനം മോട്ടർവാഹന വകുപ്പു കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം കറ്റാനത്തു നടന്ന വിവാഹത്തിനു ശേഷം കായംകുളം – പുനലൂർ (കെപി) റോഡിലൂടെയാണ് വധൂ വരൻമാർ ആംബുലൻസിൽ യാത്ര ചെയ്തത്. നവദമ്പതികളുമായി ആഘോഷത്തോടെ നീങ്ങിയ ആംബുലൻസ് കാണാൻ ഒട്ടേറെ പേർ റോഡരികിൽ എത്തിയിരുന്നു.

ഇതിന്റെ വിഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ഉൾപ്പെടെ രംഗത്ത് വന്നു. വിഡിയോ ശ്രദ്ധയിൽപെട്ട ട്രാൻസ്പോർട്ട് കമ്മിഷണർ നടപടിക്കു നിർദേശം നൽകുകയായിരുന്നു. ആംബുലൻസ് ദുരുപയോഗം ചെയ്ത സംഭവത്തിൽ വാഹനം പിടിച്ചെടുത്തു.

നൂറനാട് പൊലീസാണ് ആംബുലൻസ് കസ്റ്റഡിയിലെടുത്തത്. ആംബുലൻസ് ഉടമയ്ക്കും ഡ്രൈവർക്കും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് നോട്ടിസ് നൽകി. സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നാണ് ജില്ലാ ആർടിഒ സജി പ്രസാദ് പറയുന്നത്. ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും സസ്‌പെൻഡ് ചെയ്യുമെന്നും എംവിഡി വ്യക്തമാക്കി.