Thu. Jan 23rd, 2025
കായംകുളം:

കെപി റോഡിലെ റെയിൽവെ മേൽപാലത്തിൽ നിന്ന് മാലിന്യങ്ങൾ റോഡിലേക്ക് വീഴുന്നതിന് ട്രാക്കിൽ കവറിങ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടികളിൽ നിന്ന് റെയിൽവെ പിൻമാറുന്നു. റോഡ് യാത്രക്കാരുടെ ദേഹത്തേക്ക് ശുചിമുറി മാലിന്യം വീഴുന്ന ദയനീയ സ്ഥിതിയുള്ളപ്പോഴാണ് ജനവികാരം മാനിക്കാതെ റെയിൽവേ കവറിങ് നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്. തകിട് ഉപയോഗിച്ച് നേരത്തെ ട്രാക്കിൽ കവറിങ് ഏർപ്പെടുത്തിയിരുന്നു.

ശുചിമുറി മാലിന്യവും മഴവെള്ളവും വീണ് തകിട് കൊണ്ടുള്ള കവറിങ് ദ്രവിച്ച് യാത്രക്കാരുടെ ദേഹത്ത് വീഴുന്ന സ്ഥിതിയായിരുന്നു. ദക്ഷിണ റയിൽവെ കൺസൾട്ടേറ്റീവ് കമ്മിറ്റിയിൽ അംഗമായിരുന്ന പി എസ്ബാബുരാജ് ഈ വിഷയം ഉന്നയിച്ചതിനെത്തുടർന്ന് നൂതന മാർഗങ്ങൾ ഉപയോഗിച്ച് കവറിങ് നടത്തുന്നതിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജനറൽ മാനേജർ നിർദേശിച്ചിരുന്നു. തുടർന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം നടത്തിയ പരിശോധനക്കൊടുവിലാണ് പദ്ധതിക്ക് തടസ്സവാദം ഉയർന്നത്.

രണ്ട് ട്രാക്കുകൾ രണ്ട് അലൈൻമെന്റിലായതിനാൽ പുതിയ രീതിയിലുള്ള കവറിങ് നടത്തുന്നതിന് സാങ്കേതിക തടസ്സങ്ങളുണ്ടെന്നാണ് അവർ നിർദേശിച്ചിരിക്കുന്നത്.പടിഞ്ഞാറു വശത്തുള്ള ട്രാക്ക് പോകുന്ന ഭാഗത്ത് റോഡിന് വീതി കൂടുതലുണ്ട്.കിഴക്ക് വശത്ത് വീതി കുറവുമാണ്.

വീതി കുറഞ്ഞ ഭാഗത്ത് ഇരുവശത്തെയും ഭിത്തി പൊളിച്ച് വീതി കൂട്ടി രണ്ട് ട്രാക്കും ഒരുപോലെ കവർ ചെയ്താലെ നിലവിലുള്ള പ്രശ്നം പരിഹരിക്കാനാകു. ഈ ജോലി നടപ്പാക്കണമെങ്കിൽ ട്രെയിൻ, റോഡ് ഗതാഗതം ദിവസങ്ങൾ നിർത്തിവയ്ക്കേണ്ടി വരും. ദിവസങ്ങൾ ട്രെയിൻ ഗതാഗതം നിർത്തണമെങ്കിൽ റെയിൽവേ ബോർഡിന്റെ അനുമതി ആവശ്യമാണ്.അത് പെട്ടെന്ന് കിട്ടില്ല.അതിനാൽ നിലവിലുള്ള രീതിയിൽ മാത്രമാണെങ്കിലെ കവറിങ് നടത്താനാകു എന്ന നിലപാടാണ് റെയിൽവെക്കുള്ളത്.