Mon. Dec 23rd, 2024
ഇരിട്ടി:

വളവുകൾ നിവർത്തിയും മെക്കാഡം ടാറിങ് നടത്തിയും നവീകരിച്ച പാതകളിൽ വാഹനാപകടങ്ങൾ തുടർക്കഥയായതോടെ നടപടി കടുപ്പിച്ച് മോട്ടർ വാഹന വകുപ്പ്. അനധികൃത പാർക്കിങ് ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്കെതിരെ ഇന്നലെ മാത്രം 20 കേസുകൾ എടുത്തു. 5000 രൂപ പിഴ ഈടാക്കി.

പയഞ്ചേരിമുക്ക്, കീഴൂർ മേഖലകളിൽ നോ പാർക്കിങ് ബോർഡുകൾക്ക് അടിയിൽ പോലും പാർക്ക് ചെയ്ത വാഹനങ്ങൾക്കു എതിരെയാണു നടപടി സ്വീകരിച്ചത്. രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച തലശ്ശേരി – വളവുപാറ കെഎസ്ടിപി റോഡ് ഉൾപ്പെടെ സ്ഥിരം അപകട വേദിയായതോടെ നിയമ ലംഘനങ്ങൾക്കു എതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണു മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും തീരുമാനം. റോഡ് നവീകരിച്ച ശേഷം വളവുപാറ – മട്ടന്നൂർ റൂട്ടിൽ മാത്രം ജീവൻ നഷ്ടമായത് 12 പേർക്കാണ്.

പുതുവർഷം തുടങ്ങിയ ശേഷം മാത്രം 4 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അമിത വേഗവും അശ്രദ്ധയും ആണു അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഈ മാസം ആദ്യം മുതൽ ഇരിട്ടി താലൂക്കിൽ മോട്ടർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയിരുന്നു.

അമിത വേഗം, അനധികൃത പാർക്കിങ്, കാലഹരണപ്പെട്ട രേഖകൾ ഉപയോഗിക്കൽ, ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതു ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങളാണ് പിടികൂടിയത്. 11 ദിവസം കൊണ്ട് 170 കേസുകൾ മോട്ടർ വാഹന വകുപ്പ് എടുത്തു. 3 ലക്ഷത്തിലധികം രൂപ പിഴയും ഈടാക്കി.

ഹെഡ് ലൈറ്റ് ഡിം ചെയ്തു നൽകാത്തതിനു പുതുവത്സര തലേന്ന് രാത്രി മാത്രം 30 കേസുകൾ റജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പക്ടർമാരായ വി.ആർ.ഷനിൽ കുമാർ, ഡി കെ ഷീജി എന്നിവരുടെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.