Mon. Dec 23rd, 2024
എറണാകുളം:

ഏലൂരിൽ പെരിയാറിന്‍റെ തീരത്തെ മലിനീകരണം തുടർക്കഥയാകുന്നു. മാലിന്യം കൂടിയതോടെ നാട്ടുകാർ മലിനീകരണ നിയന്ത്രണ ബോർഡിനെ വിവരം അറിയിച്ചു. ഉദ്യോഗസ്ഥർ ശേഖരിച്ച ജലത്തിന്‍റെ സാമ്പിൾ പരിശോധനക്കായി അയച്ചിരിക്കുകയാണ്.

വ്യവസായങ്ങൾ തിങ്ങി നിറഞ്ഞ പാതാളം മേഖലയിലെ പെരിയാറിന്‍റെ പോക്ക് അത്ര പന്തിയല്ലെന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. തീരത്ത് പ്രവർത്തിക്കുന്ന മിക്ക കമ്പനികളും രാസമാലിന്യങ്ങൾ പുഴയിലേക്ക് നേരിട്ട് ഒഴുക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. പുഴയിലെ വെള്ളത്തിന്‍റെ നിറം മാറ്റവും മത്സ്യങ്ങൾ ചത്തു പൊങ്ങുന്നതും പതിവ് കാഴ്ചകൾ തന്നെ.

ആരേലും പരാതി നൽകിയാൽ പേരിനൊരു പരിശോധന നടത്തി ഉദ്യോഗസ്ഥർ പോകുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. 35 ഇനം മത്സ്യങ്ങൾ ഉണ്ടായിരുന്ന പുഴയിൽ ഇപ്പോൾ ഉള്ളത് 15ൽ താഴെ മത്സ്യ ഇനങ്ങൾ. മൽസ്യ ലഭ്യതയും കുറഞ്ഞതായി മൽസ്യത്തൊഴിലാളിയായ പറയുന്നു.

സമീപത്തെ ആശുപത്രികൾ അടക്കം നിരവധി സ്ഥാപനങ്ങൾ പെരിയാറിലെ ഈ ജലത്തെ ആശ്രയിക്കുമ്പോഴും മാലിന്യം ഒഴുക്കൽ തുടരുകയാണ്. നടപടി വാക്കിലല്ല, പ്രവൃത്തിയിൽ വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം.