Mon. Dec 23rd, 2024
പാലക്കാട്:

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. പുതൂര്‍ നടുമുള്ളി ഊരിലെ ഈശ്വരി- കുമാര്‍ ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.

മൂന്നാം തീയതിയാണ് ഈശ്വരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് പ്രഷര്‍ കുറവായിരുന്നതടക്കം ഈശ്വരിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഏഴാം തീയതിയാണ് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്.

രണ്ട് കിലോ മാത്രമായിരുന്നു കുഞ്ഞിന്റെ ഭാരം. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കുഞ്ഞ് മരിച്ചത്. അട്ടപ്പാടിയില്‍ ഈ വര്‍ഷത്തെ ആദ്യ ശിശുമരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 9 ശിശുമരണങ്ങളും അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 12 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു.