Wed. Jan 22nd, 2025
പൊഴുതന:

സുഗന്ധഗിരി വിഎൽ ക്വാർട്ടേഴ്സ് പ്രദേശത്തെ ശുദ്ധജല പദ്ധതി മോട്ടർ തകരാറിലായി നിലച്ചിട്ടു മാസങ്ങളായതോടെ ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിൽ. അറുപതോളം കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ജലനിധി ശുദ്ധജല വിതരണ പദ്ധതിയാണു മാസങ്ങളായി നിലച്ച അവസ്ഥയിലുള്ളത്. ഏറെ ദൂരത്തു നിന്ന് തലച്ചുമടായി എത്തിച്ചും വില കൊടുത്തു വാങ്ങിയുമാണു പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്.

കൈതക്കൊല്ലിയിൽ നിർമിച്ച കിണറ്റിൽ നിന്നു കാപ്പിക്കുന്നിലെ ജലസംഭരണിയിൽ വെള്ളമെത്തിച്ചാണ് വീടുകളിൽ വിതരണം ചെയ്തിരുന്നത്.‍ എന്നാൽ മോട്ടർ തകരാറിലായതോടെ വിതരണം മുടങ്ങുകയായിരുന്നു. വർഷങ്ങൾ പഴക്കമുള്ള മോട്ടർ കേടാകുന്നത് പതിവാണ്.

താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തിയാണ് ഇതുവരെ ഇതു പ്രവർത്തിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശമായിട്ടും പുതിയ മോട്ടർ സ്ഥാപിക്കാൻ അധികൃതർ തയാറാവാത്തതു വൻ പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. വില കൊടുത്തു വാങ്ങുന്ന വെള്ളത്തിന്റെ ഗുണമേന്മയിലും ആശങ്ക നിലനിൽക്കുന്നുണ്ട്.