Wed. Jan 22nd, 2025
നീലേശ്വരം:

അജ്ഞാതവാഹനത്തിന്റെ ടാങ്കറിൽ നിന്ന്‌ റോഡിലേക്കൊഴുകിയ ഓയിലിൽ തെന്നിവീണ് നിരവധി ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പരിക്ക്‌. ശനിയാഴ്ച രാവിലെയാണ് സംഭവം.
മടിക്കൈ- നീലേശ്വരം കോണ്‍വെന്റ് ജംങ്‌ഷനിൽ  റോഡില്‍ ചിറപ്പുറത്തെ ഡോ ഹരിദാസ് വെര്‍ക്കോട്ടിന്റെ ക്ലിനിക്ക് മുതല്‍ കോണ്‍വെന്റ് ജംങ്‌ഷൻ വരെയാണ് ഓയില്‍ ഒഴുകിയത്. ചിറപ്പുറം വളവിലും പുതിയപറമ്പത്ത് കാവ് പരിസരത്തുമാണ് കൂടുതലുള്ളത്.

ഇരുചക്രവാഹനങ്ങളില്‍ വന്ന യാത്രികരാണ് തെന്നിവീണത്‌. മടിക്കൈയിലെ സതീഷ്, ഭാര്യ വിനീത, നീലേശ്വരത്തെ നിഷ, ബങ്കളത്തെ ജ്യോതിഷ് എന്നിവരെ പരിക്കേറ്റ് നീലേശ്വരം തേജസ്വിനി സഹകരണആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വലിയവാഹനങ്ങൾ തെന്നിയെങ്കിലും അപകടമുണ്ടായില്ല. ഓയിൽ ചോർന്ന വാഹനത്തെ  കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നീലേശ്വരം പൊലീസും കാഞ്ഞങ്ങാട്ട്‌ നിന്ന്‌ ഫയര്‍ഫോഴ്‌സും എത്തി നാട്ടുകാരുടെ സഹായത്തോടെ വെള്ളം ചീറ്റി റോഡ് വൃത്തിയാക്കി.