മൂന്നിലവ്:
നരിമറ്റം വനിത തൊഴിൽ പരിശീലന കേന്ദ്രം മാലിന്യ കൂമ്പാരമായി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജൈവ അജൈവമാലിന്യങ്ങൾ തൊഴിൽ പരിശീലന കേന്ദ്രത്തിനുള്ളിലും പുറത്തും കൂട്ടിയിട്ടതോടെയാണു പരിശീലന കേന്ദ്രം മാലിന്യ കേന്ദ്രമായത്. പഞ്ചായത്ത് വാടകയ്ക്കു കൊടുത്തിരുന്ന ഇവിടുത്തെ ഹാളിലും മാലിന്യം കൂടിക്കിടക്കുകയാണ്.
വനിതാ തൊഴിൽ പരിശീലനം ലക്ഷ്യമിട്ടാണ് കേന്ദ്രം നിർമിച്ചത്. ഹരിത കർമസേന വാർഡുകളിൽ നിന്നു ശേഖരിക്കുന്ന ടൺ കണക്കിനു മാലിന്യം സൂക്ഷിക്കാനാണ് ഇപ്പോൾ തൊഴിൽ പരിശീലനകേന്ദ്രം ഉപയോഗിക്കുന്നത്. ഹരിത കർമസേനയുടെ പ്രവർത്തനങ്ങൾക്കായി സമീപത്തു തന്നെ നിർമിച്ച പ്ലാസ്റ്റിക് ഷെഡും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു.
കഴിഞ്ഞ ഭരണ സമിതി 5 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു നവീകരിച്ച തൊഴിൽ പരിശീലന കേന്ദ്രമാണിത്. തൊഴിൽ പരിശീലന കേന്ദ്രത്തിലെ ഹാൾ പൊതു പരിപാടികൾക്ക് വാടകയ്ക്കു നൽകുകയും പഞ്ചായത്തിന്റെ പരിപാടികൾ ഇവിടെ നടത്തുകയും ചെയ്തിരുന്നു. മാലിന്യങ്ങൾ തരം തിരിച്ച് ക്ലീൻ കേരള കമ്പനിയെ ഏൽപിക്കാൻ പഞ്ചായത്തും നടപടികൾ കാര്യക്ഷമമല്ലെന്നു കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
മാലിന്യം നീക്കം ചെയ്യുന്നതിനു നടപടികൾ എടുത്തില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കാനും കമ്മിറ്റി തീരുമാനിച്ചു. എന്നാൽ വനിത തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ പുറത്തെയും മേൽക്കൂരയുടെയും നവീകരണം മാത്രമാണു നടത്തിയതെന്നു പഞ്ചായത്തു പ്രസിഡന്റ് ജോഷി ജോഷ്വാ പറഞ്ഞു. ഹാൾ പൊതു പരിപാടികൾക്ക് വാടകയ്ക്കു നൽകണമെങ്കിൽ നവീകരണം ഇനിയും നടത്തണം. അടുത്ത പദ്ധതി വിഹിതത്തിൽ നിന്ന് ഹാൾ നവീകരണം പൂർത്തിയാക്കും. കൃത്യമായ ഇടവേളകളിൽ പ്ലാസ്റ്റിക് മാലിന്യം വേർതിരിച്ച് ക്ലീൻ കേരള കമ്പനിയ്ക്കു കൈമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.