ന്യൂഡൽഹി:
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ജീവിതം അക്ഷരത്താളിലേക്ക്. മലയാളിയായ മുന്‍ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനാണ് ടാറ്റയുടെ ഐതിഹാസിക ജീവിതം പുസ്തകമാക്കുന്നത്. ഔദ്യോഗിക ജീവചരിത്രത്തിന്റെ പ്രസിദ്ധീകരണാവകാശം പ്രസാധകരായ ഹാര്‍പ്പിന്‍ കോളിന്‍സ് രണ്ടുകോടി രൂപക്ക് നേടിയെടുത്തു.
ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസില്‍നിന്ന് വിരമിച്ച തോമസ് മാത്യുവാണ് ജീവചരിത്രം എഴുതുന്നത്. മൂന്നു പതിറ്റാണ്ടായി രത്തന്‍ ടാറ്റയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഇദ്ദേഹം. ഇന്ത്യയിലെ പ്രമുഖ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം, എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍, കോര്‍പറേറ്റ് സ്ട്രാറ്റജിസ്റ്റ്, ഡിഫന്‍സ് അനലിസ്റ്റ് എന്നീ മേഖലകളിലും ശ്രദ്ധേയനാണ്.
നാലു പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷം മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അഡീഷണല്‍ സെക്രട്ടറിയായാണ് വിരമിച്ചത്.
‘രത്തൻ എൻ. ടാറ്റ: ദി ഓതറൈസ്ഡ് ബയോഗ്രഫി’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഈ വർഷം നവംബറിൽ ആഗോളതലത്തിൽ പുറത്തിറങ്ങും. 84കാരനായ രത്തൻ ടാറ്റയുടെ കുട്ടിക്കാലം, കോളജ് കാലഘട്ടം, ആദ്യകാലത്ത് അദ്ദേഹത്തെ സ്വാധീനിച്ചവർ എന്നിവയെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുസ്തകത്തിൽ വായിക്കാനാകും.