Sat. Apr 5th, 2025
കസാഖിസ്ഥാൻ:

ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം രൂക്ഷമായ കസാഖിസ്ഥാനിൽ പ്രതിഷേധക്കാരെ നേരിടാൻ കർശന നടപടികളുമായി സർക്കാർ. പ്രതിഷേധക്കാരെ മുന്നറിയിപ്പില്ലാതെ വെടിവെച്ചുകൊല്ലാൻ പ്രസിഡന്റ് ഖാസിം ജോമാർട്ട് ടൊകായേവ് ഉത്തരവിട്ടു.

കൂടുതൽ അസ്വസ്ഥതകൾ സൃഷ്ടിച്ചാൽ ഭീകരവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രതിഷേധക്കാരെ നശിപ്പിക്കുമെന്നും ഒരു ടെലിവിഷൻ സന്ദേശത്തിൽ പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിൽ നിരവധി പൊലീസുകാരും സാധാരണ പൗരൻമാരും കൊല്ലപ്പെട്ടിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന് ശേഷം കസാഖിസ്ഥാൻ കണ്ട ഏറ്റവും രൂക്ഷമായ സംഘർഷമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ആഴ്ച 26 സായുധരായ അക്രമികളെ വധിച്ചതായും 3,000 പേരെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തരവകുപ്പ് അറിയിച്ചു. 18 പൊലീസുകാരും സംഘർഷത്തിൽ കൊല്ലപ്പെട്ടതായി ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചു.