Thu. Dec 19th, 2024
തൃശൂർ:

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിര പദ്ധതി പ്രദേശത്ത് ചുറ്റുമതിൽ നിർമിക്കുന്നതിന്‍റെ മറവിൽ 25 വൻ വൃക്ഷങ്ങൾ മുറിച്ച് മാറ്റാൻ നീക്കം. ജില്ലാ കലക്ടറുടെയും സ്ഥലം എം എൽ എ യുടെയും നേതൃത്വത്തിൽ ചേർന്ന യോഗമാണ് മരങ്ങൾ മുറിയ്ക്കാൻ അനുമതി നൽകിയത്. എന്നാൽ വനം വകുപ്പിന്‍റെ അനുമതി ഇല്ലാതെയാണ് മരം മുറിക്കാൻ തീരുമാനിച്ചതെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു.

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരം നിർമിക്കാന്‍ റവന്യൂ വകുപ്പ് നൽകിയ നാലര ഏക്കർ ഭൂമിയിലുള്ള മരങ്ങളാണ് മുറിക്കുന്നത്. മാവും ആഞ്ഞിലിയും ഉൾപ്പെടെ നൂറു വർഷത്തോളം പഴക്കമുള്ള വൻ വൃക്ഷങ്ങളാണിവ. ചുറ്റുമതിൽ നിർമിക്കാൻ കഴിഞ്ഞ വർഷം ഒമ്പത് മരങ്ങൾ മുറിച്ചിരുന്നു.

അതിന് പുറമെയാണ് 25 എണ്ണം കൂടി വെട്ടാൻ നീക്കം നടക്കുന്നത്. കൂടുതൽ മരം മുറിക്കരുതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പഴയ ഉദ്യോഗസ്ഥർ സ്ഥലം മാറി പോയതോടെയാണ് മരം മുറിക്കാൻ വീണ്ടും ശ്രമം നടക്കുന്നത്. വ്യക്ഷങ്ങൾ മുറിച്ചു മാറ്റാതെ ഫെൻസിങ് നടത്തുകയോ മരങ്ങൾ ഒഴിവാക്കി ചുറ്റുമതിൽ നിർമ്മിക്കുകയോ വേണമെന്നാണ് വനം വകുപ്പിന്‍റെ ആവശ്യം.