Mon. Dec 23rd, 2024
തിരുവനന്തപുരം:

വര്‍ക്കലയില്‍ ലെവല്‍ ക്രോസില്‍ ഓട്ടോറിക്ഷ പൂട്ടിയിട്ടു. ഗേറ്റ് കീപ്പറാണ് ഓട്ടോറിക്ഷ അകത്താക്കി ഗേറ്റ് പൂട്ടിയിട്ടത്. ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തതിനാണ് ജീവനക്കാരന്റെ പ്രതികാര നടപടി.

യാത്രക്കാരടക്കം ഓട്ടോറിക്ഷ 10 മിനിറ്റോളം റെയില്‍പാളത്തില്‍ കിടന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറും മലയന്‍കീഴ് സ്വദേശിയായ യുവാവും അമ്മയുമാണ് ഓട്ടോയിലുണ്ടായിരുന്നത്.

വര്‍ക്കലയില്‍ നിന്നും കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു ഇവര്‍. രാവിലെ നാലരയോടെ പുന്നമോട് റെയില്‍വേ ലെവല്‍ ക്രോസിനടുത്തെത്തി. 10 മിനുട്ടോളം കാത്ത് നിന്നെങ്കിലും ഗേറ്റ് തുറന്നില്ല. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ ജീവനക്കാരനെ വിളിച്ച് ഗേറ്റ് തുറപ്പിച്ചു.

ഇതിനിടയില്‍ ഉറങ്ങിപ്പോയതാണോയെന്ന് ഓട്ടോ ഡ്രൈവര്‍ ജീവനക്കാരനോട് ചോദിച്ചു. ഇതില്‍ പ്രകോപിതനായാണ് ഗേറ്റ് കീപ്പര്‍ ഓട്ടോ ലെവല്‍ ക്രോസിന് നടുവിലെത്തിയപ്പോള്‍ ഗേറ്റടച്ചത്. ഡ്രൈവര്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഗേറ്റ് തുറന്ന് നല്‍കിയില്ല.