Mon. Dec 23rd, 2024
മഞ്ചേരി:

ഗവ മെഡിക്കൽ കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലും അനധ്യാപക ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് കെട്ടിടവും തുറന്നില്ല. നവംബർ 20ന് ആരോഗ്യമന്ത്രി വീണാ ജോർജ്​ ആശുപത്രി സന്ദർശിച്ച് ഡിസംബർ 31നകം പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും പ്രാവർത്തികമായില്ല. അഞ്ച് നിലകളുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടം, പത്ത് നിലകളുള്ള അനധ്യാപക ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണം മാസങ്ങൾക്ക് മുമ്പ് പൂർത്തിയായിരുന്നു.

2021 ഫെബ്രുവരി 17ന് ഉദ്ഘാടനം നടത്തുകയും ചെയ്തു. എന്നാൽ, വൈദ്യുതി ലഭ്യമാകാത്തതിനാൽ തുറന്നുനൽകാനായില്ല. ആശുപത്രി വളപ്പിൽ മൂന്ന് ട്രാൻസ്​ഫോർമറുകളും സബ് സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്.

കേബിളുകൾ വലിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. നഗരത്തിലെ മറ്റു ഹോസ്റ്റലുകളിൽ ഉയർന്ന വാടക നൽകിയാണ് വിദ്യാർത്ഥികൾ താമസിക്കുന്നത്. ഇവിടെ സാമൂഹികവിരുദ്ധ ശല്യം കാരണം പലതവണ പ്രിൻസിപ്പൽ പൊലീസിന് പരാതി നൽകിയിരുന്നു.

പുതിയ അധ്യയനവർഷം ആരംഭിച്ചാൽ 110 കുട്ടികൾക്ക് കൂടി ആശുപത്രി അധികൃതർ താമസ സൗകര്യം ഒരുക്കേണ്ടി വരും. അതിന് മുമ്പെങ്കിലും കെട്ടിടം പൂർത്തിയാക്കേണ്ടതുണ്ട്. കെട്ടിട നിർമാണം വൈകുന്നത്​ സംബന്ധിച്ച് പ്രിൻസിപ്പൽ സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. ജനുവരി 31നകം പെൺകുട്ടികളുടെ ഹോസ്റ്റലും അധ്യാപകർക്കുള്ള ക്വാർട്ടേഴ്സും പൂർത്തിയാക്കാനും മന്ത്രിയുടെ നിർദേശമുണ്ട്.