Fri. Nov 22nd, 2024
അടൂർ:

മികച്ച ചികിത്സയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുമുള്ളപ്പോഴും പ്രതിസന്ധികൾക്ക് ന ടുവിലാണ് അടൂരിലെ ജനറൽ ആശുപത്രി. മരുന്നുകളുടെ ലഭ്യതക്കുറവും ആവശ്യത്തിന് ജീവനക്കാരില്ലാത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

പന്തളം, അടൂർ മേഖലകളിലെ നൂറ് കണക്കിന് പേരാണ് അടൂർ ജനറൽ ആശുപത്രിയില്‍ ദിവസേന ചികിത്സക്കായി എത്തുന്നത്. കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന മികച്ച ചികിത്സയും മെച്ചപ്പെട്ട സൗകര്യങ്ങളുമാണ് സാധാരണക്കാരായ രോഗികളെ ഇവിടേക്കെത്തിക്കുന്നത്. എന്നാല്‍ തിരക്കുകൾ വർദ്ധിക്കുന്നതിനനുസരിച്ച് ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുന്നില്ലെന്നാണ് ആക്ഷേപങ്ങളുയരുന്നത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിയമിച്ച ആളുകളെ പിരിച്ച് വിട്ടതോടെയുണ്ടായ ജീവനക്കാരുടെ അഭാവം ആശുപത്രിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ആവശ്യത്തിനുള്ള മരുന്നുകളുടെ ലഭ്യത കുറവും രക്ത ബാങ്കിന്റെ അഭാവവും രോഗികളെ ബുദ്ധിമുട്ടിലാഴ്ത്തുന്നു. അടിസ്ഥാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങൾ നല്കിയെങ്കിലും പരിഹാരമുണ്ടാകുന്നില്ലെന്നും പരാതികളുണ്ട്.

അടൂർ നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രിയെ സംബന്ധിച്ച പരാതികൾ പരിശോധിക്കുമെന്ന് നഗരസഭാ ചെയര്മാൻ വ്യക്തമാക്കി. ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളുയർത്തി യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ സമരം വീണ്ടും ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.