ഇരവിപേരൂർ:
വെള്ളം ഒഴുകേണ്ട പിഐപി കനാലുകൾ നിറഞ്ഞ് മാലിന്യം. കുമ്പനാട്-ആറാട്ടുപുഴ റോഡിൽ ചെമ്പകശ്ശേരി പടിക്കു സമീപം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കനാൽ തെളിക്കാനെത്തിയപ്പോഴാണ് മാലിന്യം നിറഞ്ഞുകിടക്കുന്നത് കണ്ടത്. പിഐപി കനാൽ കടന്നുപോകുന്നത് കൂടുതലും വിജനമായ സ്ഥലങ്ങൾ വഴിയാണ്.പലയിടത്തും റോഡിനു സമീപം വഴിയും പോകുന്നുണ്ട്. ഈ ഭാഗങ്ങളിലാണ് മാലിന്യം കൂടുതലായി തള്ളിയിട്ടുള്ളത്.
വേനൽ കടുത്തതോടെ ഡിസംബർ 31നു പമ്പാ ഇറിഗേഷൻ കനാൽ തുറന്നുവിട്ടിരുന്നു. എന്നിട്ടും പല ഭാഗത്തും വെള്ളം എത്തുന്നില്ലെന്ന പരാതി വന്നതോടെയാണ് അധികൃതർ കനാലിലെ തടസ്സങ്ങൾ തേടിപോയത്. പലയിടത്തും സമീപ പുരയിടത്തിലെ കാടും മണ്ണും വരെ കനാലിലേക്കാണ് തള്ളുന്നത്.
ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞ മൃഗാവശിഷ്ടം വരെയാണ് ചെമ്പകശേരി പടിക്കു സമീപത്തു നിന്നു നീക്കം ചെയ്തത്. വേനൽക്കാലത്ത് സമീപവാസികൾ കൃഷിയാവശ്യത്തിനു മാത്രമല്ല കുളിക്കാനും വസ്ത്രം കഴുകാനും വരെ ഉപയോഗിക്കുന്നത് കനാൽവെള്ളമാണ്. ഇരുവശങ്ങളിലും കിണറുകളിലേക്ക് ഉറവയായി എത്തുന്നതും കനാൽ ജലമാണ്.
ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങൾ കനാലിൽ തള്ളുന്നത് വെള്ളം തുറന്നുവിടുന്ന സമയത്ത് ഒഴുകിയെത്തുകയും വെള്ളം മലിനമായി തീരുകയും ചെയ്യും. ഇത് വെള്ളം ഉപയോഗിക്കുന്നവർക്കും കർഷകർക്കും സാംക്രമിക രോഗങ്ങൾ വരെ വരാനുള്ള സാധ്യതയുണ്ട്.വർഷത്തിൽ 3 മാസം മാത്രമാണ് കനാലിലൂടെ വെള്ളമൊഴുകുന്നത്.
ബാക്കി സമയത്ത് വരണ്ടു കിടക്കുന്നതും കാടുനിറയുന്നതുമാണ് മാലിന്യം തള്ളാനുള്ള കാരണം. വേനൽക്കാലത്തും കനാലുകൾ വൃത്തിയായി സൂക്ഷിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.