കാളികാവ്:
മാളിയേക്കൽ ജി യു പി സ്കൂളിന് ഒന്നാം നില കെട്ടിടം പണിതത് കോണിപ്പടിയില്ലാതെ. പ്രീ പ്രൈമറി കെട്ടിടത്തിനു മുകളിൽ അടുത്തിടെ നിർമിച്ച രണ്ട് ക്ലാസ് മുറികൾക്കാണ് മുകളിൽ കയറിപ്പറ്റാൻ കോണിപ്പടിയില്ലാത്തത്. നാട്ടുകാരുടെ വിഹിതവും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം പണിതത്.
കോണിപ്പടി ഇല്ലാത്തതിനാൽ കെട്ടിടത്തിലേക്ക് കയറാൻ മാർഗമില്ല. മതിലിന് മുകളിലൂടെ സമീപത്തെ ബാത്ത് റൂമിന്റെ ടെറസിലേക്ക് ചാടണം. നിർമാണം പൂർത്തിയാക്കിയ കരാറുകാരൻ പറയുന്നതാകട്ടെ, എസ്റ്റിമേറ്റിൽ കോണിയില്ലെന്നാണ്. അതേസമയം, കെട്ടിടത്തിന്റെ നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിനും ക്ലാസ് മുറികൾ ഉപയോഗപ്പെടുത്തുന്നതിനുമായി വാർഡ് മെംബർ സി എച്ച് നാസർ എന്ന ബാപ്പു ഒരു വർഷമായി ഭരണസമിതിയിൽ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടേ ഇരിക്കുകയാണ്.
നാട്ടുകാരിൽ പലർക്കും കെട്ടിടം പണി പൂർത്തിയായ വിവരം അറിയില്ല. നാട്ടുകാർ പിരിച്ചെടുത്ത തുകയടക്കം ഒമ്പതു ലക്ഷം രൂപ ചെലവിൽ നിർമിച്ച കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയാണ്. കോണിപ്പടിയില്ലാതെ ഒന്നാം നില പണിത സംഭവം ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമില്ലായ്മയാണെന്നാണ് ആക്ഷേപം.