Mon. Dec 23rd, 2024
കൽപറ്റ:

മനോഹാരിത കൊണ്ടു സമ്പന്നമായ വയനാട് ചുരത്തിനു ഭീഷണിയായി മാലിന്യക്കൂമ്പാരം. സൗകര്യപ്രദമായി മാലിന്യം തള്ളാനുള്ള ഇടമായാണു പലരും ചുരത്തിനെ നോക്കിക്കാണുന്നത്.  നോക്കാൻ ആളില്ലായതോടെ ചുരത്തിലെ വനമേഖലകൾ അടക്കം മാലിന്യക്കൂമ്പാരമായി മാറി.

സഞ്ചാരികൾ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾക്കു പുറമേ രാത്രിയിൽ ഇതര ജില്ലകളിൽ നിന്നടക്കമുള്ള കോഴിമാലിന്യങ്ങളും ചാക്കിലാക്കി ചുരത്തിൽ തള്ളുകയാണ്. പകൽസമയത്തു പോലും മാലിന്യം തള്ളുന്നതു ചുരത്തിലെ പതിവുകാഴ്ചയാണ്. ഇതുകാരണം ചുരത്തിലെ കാട്ടരുവികളും മലിനമാകാൻ തുടങ്ങി.

പ്രതിദിനം നൂറുക്കണക്കിന് സഞ്ചാരികളാണു ചുരത്തിലെത്തുന്നത്. ഇവർ ഉപേക്ഷിക്കുന്ന ഭക്ഷണവാശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും സംസ്ക്കരിക്കാൻ സംവിധാനങ്ങളൊന്നുമില്ല. മാലിന്യംതള്ളൽ ചുരത്തിലെ വന്യമൃഗങ്ങൾക്കു ഭീഷണിയായിട്ടും നടപടികൾ സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

7, 8, 9 വളവുകളിലാണു മാലിന്യനിക്ഷേപം കൂടുതൽ. തകരപ്പാടിയിൽ റോഡിരികിലെ താഴ്ചയിലെ വനമേഖലകളിൽ പകൽസമയങ്ങളിൽ പോലും മാലിന്യം തള്ളുന്നുണ്ട്.  പ്ലാസ്റ്റിക് മാലിന്യങ്ങളും കോഴിക്കടകളിൽ നിന്നുള്ള മാലിന്യങ്ങളുമാണു കൂടുതൽ.

മാലിന്യങ്ങൾ ഒലിച്ചിറങ്ങി വനത്തിനുള്ളിലെ കാട്ടരുവികൾ മലിനമായി. ഇവിടെ നിന്നുള്ള ജലമാണു ചിപ്പിലിത്തോട്, വള്ളിയാട്, അടിവാരം, മുപ്പതേക്ര എന്നിവിടങ്ങളിലെ 300ലധികം കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്.

ചുരത്തിലെ 2, 4 വളവുകളിലും ലക്കിടി വ്യൂപോയിന്റിലും സഞ്ചാരികൾ അലക്ഷ്യമായി പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയുകയാണ്. ലക്കിടി വ്യൂപോയന്റിൽ മാലിന്യം തള്ളൽ വർധിച്ചതിനെ തുടർന്ന് വർഷങ്ങൾക്കു മുൻപ് ചുരത്തിൽ ഉന്തുവണ്ടി കച്ചവടത്തിനു നിരോധനമേർപ്പെടുത്തിയിരുന്നു. വനമേഖലയിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ കുരങ്ങുകൾ റോഡിലേക്ക് വലിച്ചുവാരിയിടുന്നതും പതിവുകാഴ്ചയാണ്.