ലണ്ടൻ:
പാലസ്തീനികൾക്ക് പരസ്യ പിന്തുണയുമായി ഹാരി പോട്ടർ നായിക എമ്മ വാട്സൺ. ഒരു വർഷത്തിലേറെ പഴക്കമുള്ള ഫലസ്തീൻ അനുകൂല റാലി ചിത്രം സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച എമ്മ ‘ഐക്യദാർഢ്യം ഒരു ക്രിയയാണ്’ എന്നുകൂടി ഇതോടൊപ്പം കുറിച്ചു.
ഗസ്സ മുനമ്പിൽ 11 ദിവസം നീണ്ട ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ കഴിഞ്ഞ വർഷം മേയിൽ ‘ബാഡ് ആക്ടിവിസം കലക്ടിവ്’ പോസ്റ്റ് ചെയ്ത ചിത്രമാണ് വാട്സൺ ഇൻസ്റ്റയിൽ പങ്കുവെച്ചത്. ബെല്ല ഹദീദ്, സൂസൻ സാറൻഡൺ തുടങ്ങിയവർ അന്നേ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
പാലസ്തീന് നൽകിയ പിന്തുണയിൽ നിരവധി പേർ നടിയെ അഭിനന്ദിച്ച് രംഗത്തെത്തി. ചൊവ്വാഴ്ച നൽകിയ പോസ്റ്റിന് 10 ലക്ഷത്തിലേറെ പേർ ലൈക് നൽകിയപ്പോൾ 89,000 പേർ പ്രതികരണം കുറിക്കുകയും ചെയ്തു.
എന്നാൽ, പ്രതികരണത്തിൽ അരിശം പൂണ്ട ഇസ്രായേൽ നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെ എമ്മ വാട്സണെതിരെ പരസ്യമായി രംഗത്തെത്തി. “കാൽപനിക കഥകൾ ഹാരി പോട്ടറിലാകാം. പക്ഷേ, യാഥാർഥ്യത്തോടു ചേരില്ല”- എന്ന് യു എന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർഡാൻ ട്വിറ്ററിൽ കുറിച്ചു. യു എന്നിലെ മുൻ ഇസ്രായേൽ അംബാസഡറും സമാന പ്രതികരണവുമായി എത്തി.