Sun. Dec 22nd, 2024

ബൊറൂഷ്യ ഡോർട്ട്മുണ്ടിൻ്റെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലൻഡ് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയിലേക്ക് തന്നെയെന്ന് റിപ്പോർട്ട്. താരത്തിൻ്റെ ഏജൻ്റ് മിനോ റയോളയും ബാഴ്സ പ്രസിഡൻ്റ് യുവാൻ ലപോർട്ടയും തമ്മിൽ കരാർ ധാരണയായെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സീസണൊടുവിൽ ഹാലൻഡ് ബൊറൂഷ്യ വിടുമെന്നാണ് വിവരം.

100 മില്ല്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീ. മൂന്ന് വർഷത്തേക്കാവും താരം ബാഴ്സയുമായി കരാറിൽ ഏർപ്പെടുക. ഹാലൻഡിനെ ടീമിലെത്തിക്കുന്നതിനായി ചില താരങ്ങളെ ബാഴ്സ റിലീസ് ചെയ്തേക്കും.

ചിരവൈരികളായ റയൽ മാഡ്രിഡും ഹാലൻഡിനെ സൈൻ ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, എംബാപ്പെ റയലിലെത്താൻ സാധ്യതയുള്ളതിനാൽ ഹാലൻഡ് ഈ ഓഫറിനോട് മുഖംതിരിച്ചു എന്ന് റിപ്പോർട്ടുണ്ട്. സമകാലിക താരങ്ങളിൽ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് 21കാരനായ എർലിങ് ഹാലൻഡ്.

2019-20 സീസണിൽ സാൽസ്ബർഗിൽ നിന്ന് ബൊറൂഷ്യയിലെത്തിയ താരം ബൊറൂഷ്യക്കായി 53 ഗോളുകളാണ് നേടിയിട്ടുള്ളത്. നോർവേ ദേശീയ ടീമിനായി 12 ഗോളുകളും ഹാലൻഡ് നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്പാനിഷ് യുവ സ്ട്രൈക്കർ ഫെറാൻ ടോറസിനെയും ബാഴ്സലോണ ടീമിലെത്തിച്ചിരുന്നു.

65 മില്ല്യൺ യൂറോയ്ക്ക് നാല് വർഷത്തെ കരാറിലാണ് ഫെറാൻ ടോറസ് ബാഴ്സയിലെത്തിയത്. ക്ലബിൽ കളിക്കാൻ താരം ശമ്പളം കുറച്ചു എന്ന് ചില റിപ്പോർട്ടുകളുണ്ട്. സാവി പരിശീലകനായതിനു ശേഷം ക്ലബ് നടത്തുന്ന വലിയ ട്രാൻസ്‌ഫറാണ് ഇത്.

വലൻസിയയിൽ കരിയർ ആരംഭിച്ച താരം 2020 സീസണിലാണ് സിറ്റിയിലെത്തുന്നത്. സിറ്റിക്കായി 28 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളാണ് താരം നേടിയത്. സ്പെയിൻ്റെ വിവിധ ഏജ് ഗ്രൂപ്പ് ടീമുകളിൽ കളിച്ച ടോറസ് സീനിയർ ടീമിൽ 22 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളാണ് നേടിയത്.